വെസ്റ്റ്‌ജെറ്റ് സമരം അവസാനിച്ചു; വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

By: 600110 On: Aug 4, 2026, 9:15 AM

കാനഡയിലെ പ്രമുഖ വിമാനക്കമ്പനിയായ വെസ്റ്റ്‌ജെറ്റിലെ ക്യാബിൻ ക്രൂ ജീവനക്കാർ നടത്തിവന്ന അനിശ്ചിതകാല സമരം അവസാനിച്ചു.   ജീവനക്കാരുടെ യൂണിയനായ 'ക്യൂപ്'  പ്രതിനിധികളും വേസ്റ്റ്‌ജെറ്റ് മാനേജ്‌മെന്റും തമ്മിൽ തിങ്കളാഴ്ച പുലർച്ചെ നടത്തിയ ചർച്ചയിലാണ് ധാരണയായത്. വിമാന സർവീസുകൾ നിർത്തിവെച്ചതിനെ തുടർന്ന് വലഞ്ഞ ആയിരക്കണക്കിന് യാത്രക്കാരെ സംബന്ധിച്ച് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം വലിയ ആശ്വാസമായി.

വിമാനം പുറപ്പെടുന്നതിന് മുൻപുള്ള തയ്യാറെടുപ്പ് സമയത്തിനും സുരക്ഷാ പരിശോധനകൾക്കും പണം ലഭിക്കാറില്ല. പുതിയ കാലത്ത് വിമാനത്താവളങ്ങളിൽ നേരിടുന്ന വൈകൽ കാരണം ജീവനക്കാർ റൺവേയിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നും ഇതിനും വേതനം നൽകണമെന്നുമായിരുന്നു യൂണിയൻ്റെ ആവശ്യം.  യൂണിയൻ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂലമായ പുരോഗതിയുണ്ടായതായി ക്യൂപ് പ്രസിഡൻ്റ് അലിയ ഹുസൈൻ വ്യക്തമാക്കി. വെസ്റ്റ്‌ജെറ്റ് സി.ഇ.ഒ അലക്സിസ് ഫോൺ ഹോയൻസ്ബ്രോക്കും കരാറിനെ സ്വാഗതം ചെയ്തു. ധാരണയായ കരാറിന്മേൽ യൂണിയൻ അംഗങ്ങൾ 30 ദിവസത്തിനുള്ളിൽ വോട്ടെടുപ്പ് നടത്തി അന്തിമ അംഗീകാരം നൽകും.

സമരം അവസാനിച്ചെങ്കിലും വിമാന സർവീസുകൾ ഉടൻ തന്നെ പൂർണതോതിൽ പുനരാരംഭിക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. കടുത്ത സുരക്ഷാ പരിശോധനകൾക്ക് ശേഷമേ ഓരോ വിമാനവും സർവീസിന് തയ്യാറാകൂ. അതിനാൽ സർവീസുകൾ പൂർണ്ണമായി സാധാരണ നിലയിലാകാൻ കുറച്ചുകൂടി സമയമെടുക്കുമെന്ന് വെസ്റ്റ്‌ജെറ്റ് മാനേജ്‌മെൻ്റ് അറിയിച്ചു. തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചതിൽ ഫെഡറൽ തൊഴിൽ മന്ത്രി പാറ്റി ഹാജ്ഡുവും കനേഡിയൻ ചേംബർ ഓഫ് കൊമേഴ്‌സും സന്തോഷം പ്രകടിപ്പിച്ചു.