ചരിത്രദൗത്യത്തിനൊരുങ്ങി ജോഷ്വ കുട്രിക്: ബഹിരാകാശ നിലയത്തിലേക്ക് മറ്റൊരു കനേഡിയൻ താരം കൂടി

By: 600110 On: Aug 4, 2026, 9:11 AM

ആർടെമിസ് II ദൗത്യത്തിന് ശേഷം ബഹിരാകാശ ദൗത്യത്തിനൊരുങ്ങി മറ്റൊരു കനേഡിയൻ കൂടി. കാനഡയിലെ ഫോർട്ട് സസ്കാച്ചെവൻ സ്വദേശിയായ ജോഷ്വ കുട്രിക്  ആണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) തിരിക്കുന്നത്. നാസയുടെ 'സ്പേസ് എക്സ് ക്രൂ 13' (SpaceX Crew-13) ദൗത്യത്തിലൂടെയാണ് അദ്ദേഹം ബഹിരാകാശത്തേക്ക് പറക്കുന്നത്. നാലംഗ സംഘമാണ് ഈ ദൗത്യത്തിലുള്ളത്.

സെപ്റ്റംബർ 12-ന് ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെൻ്റിറിൽ നിന്നാണ് സംഘത്തെ വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സ് ഡ്രാഗൺ പേടകം കുതിച്ചുയരുന്നത്. ജോഷ്വ കുട്രിക്കിനെക്കൂടാതെ നാസയുടെ ജീവനക്കാരും റഷ്യൻ ബഹിരാകാശ സഞ്ചാരിയും അടങ്ങുന്ന നാലംഗ സംഘമാണ് ഈ ദൗത്യത്തിലുള്ളത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആറ് മാസത്തോളമാണ് ഈ സംഘം ചെലവഴിക്കുക.ബഹിരാകാശ യാത്രയും ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയും (Microgravity) മനുഷ്യന്റെ ശരീരത്തെയും ആരോഗ്യത്തെയും എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതിനെക്കുറിച്ച് കാനഡയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രത്യേക ശാസ്ത്രീയ പഠനങ്ങൾ ഈ ദൗത്യത്തിന്റെ ഭാഗമായിരിക്കും.  ഇതിനുപുറമേ, ബഹിരാകാശ നിലയത്തിൻ്റെ അറ്റകുറ്റപ്പണികളും സംഘം നിർവ്വഹിക്കും.

ഐഎസ്എസിൽ ദീർഘകാല ദൗത്യത്തിൽ ഏർപ്പെടുന്ന നാലാമത്തെ കനേഡിയൻ കൂടിയാണ് ജോഷ്വ കുട്രിക്.  കാനഡയിലെ ആൽബർട്ടയിലുള്ള ഫോർട്ട് സസ്കാച്ചെവൻ സ്വദേശിയും റോയൽ കനേഡിയൻ എയർഫോഴ്‌സിലെ മുൻ യുദ്ധവിമാന പൈലറ്റും കേണലുമാണ് ജോഷ്വ കുട്രിക്. റോയൽ കനേഡിയൻ എയർഫോഴ്‌സിലെ  പരിചയസമ്പത്തുമായാണ് അദ്ദേഹം ഈ ചരിത്രപരമായ ബഹിരാകാശ ദൗത്യത്തിൽ പങ്കാളിയാകുന്നത്.