Story Written by, Abraham George, Chicago
അബു, കേസ്സിൽ നിന്നെല്ലാം ഊരിയെങ്കിലും വത്സലയുമായുള്ള വിവാഹം നടന്നില്ല. അവളെയവർ വിദേശത്തേക്ക് കൊണ്ടുപോയി. വിദഗ്ദചികിത്സ വേണമെന്നായിരുന്നു അവരുടെ വാദം. സുഹൃത്തുക്കളുടെ അഭിപ്രായത്തെ തുടർന്ന് "ഹേബിയസ് കോർപസ് " കോടതിയിൽ ഫയൽ ചെയ്തു. കേസ്സിന് കാര്യമായ പുരോഗതിയുണ്ടായില്ല. വത്സലയെ ഹാജരാക്കാൻ കോടതി പറഞ്ഞെങ്കിലും അതും നടന്നില്ല. വത്സലക്കിപ്പോൾ യാത്ര ചെയ്യാനാവില്ലായെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കി.
കാര്യങ്ങൾ നീണ്ടുപോകയല്ലാതെ മറ്റൊരു വഴിയും, അബു കണ്ടില്ല. അവർ ചെയ്യുന്നത് മാത്രമാണ് ശരിയെന്ന് കരുതുന്നവരോടെന്തു പറയാൻ. ഞങ്ങൾ പറയുന്നതാണ് ശരിയെന്ന് സ്ഥാപിക്കാൻ അവർ അങ്ങേയറ്റം വരെപോകും. മറ്റുള്ളവരുടെ ജീവിതം അവർക്ക് പ്രശ്നമേയല്ല. അബുവിന്റെ കുടുംബത്തിലും പ്രശ്നങ്ങൾ തലപൊക്കി. ബാപ്പ കോപത്തോടെ പറഞ്ഞു:
"ഒരു പെണ്ണിൻ്റെ പിന്നാലെ നടക്കാൻ നിനക്ക് ലജ്ജയില്ലേ. ഇത് നടക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? മതങ്ങൾ തമ്മിലുള്ള പ്രശ്നമാണ്. "ലൗ ജിഹാദ്'' ഉയർത്തിപ്പിടിച്ച് മതനേതാക്കൾ രംഗത്തിറങ്ങും. ഹിന്ദു മുസ്ലീം വിവാഹമിന്ന് വലിയ പ്രശ്നമാണ്. എനിക്ക് വയസ്സായി, ഇനിയീ കുടുംബത്തിൻ്റെ കാര്യങ്ങൾ നോക്കണം. പോത്തുപോലെ വളർന്നല്ലോ, അവൻ്റെയൊരു പ്രേമോം മണ്ണാങ്കട്ടേം."
ഉമ്മപറഞ്ഞു: "ലോകത്ത് വേറൊരു പെണ്ണുമില്ലാത്ത പോലെയാണവൻ്റെ നടപ്പ്. ഈ കൂത്ത് ഇവിടെ നിർത്തിയില്ലായെങ്കിൽ അടിച്ച് ഞാൻ വീട്ടിൽ നിന്ന് പുറത്താക്കും. കാര്യങ്ങൾ ഇത്രേം വഷളാക്കുന്നത് അവൻ്റെ കുറച്ചു കൂട്ടുകാരാണ്. "
കാര്യങ്ങൾ കൈവിട്ടുപോകുമെന്ന അവസ്ഥയിലേക്ക് എത്തി. കേസ്സ് മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ പണം വേണം. അതെവിടന്ന് സംഘടിപ്പിക്കാൻ. ഒരിക്കലും നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ച ബന്ധമാണിത്. ഓർമ്മകളിൽ ജീവൻ നൽകാൻ കഴിവുള്ള ബന്ധം. നീ അരികിലുണ്ടാവാൻ വല്ലാതെ കൊതിക്കുന്നു. ഇഷ്ടമാണ് നിന്നെ, എൻ്റെ ജീവനെക്കാളേറെ. ഞാനിവിടെ നിസ്സഹായകനാകുന്നു. എല്ലാം അസ്തമിക്കുകയാണെന്ന തോന്നൽ മനസ്സിലുണർന്നു. സ്വന്തമെന്ന് കരുതുന്ന നിഴൽ പോലും സൂര്യൻ്റെ ഔദാര്യമാണ്. നീ എന്നെ മാത്രം സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം, പക്ഷെ കൂട്ടിമുട്ടിക്കാനുള്ള വഴിയാണ് അറിയാത്തത്. എന്താ വേണ്ടതെന്ന് മാത്രം എനിക്കറിയില്ല. എല്ലാം വെറും ഓർമ്മകൾ മാത്രമാണന്ന് തിരിച്ചറിയുമ്പോൾ ഹൃദയവേദന കഠിനമാകും.
ഒരാഴ്ച കഴിഞ്ഞാണ് ലാപ്പ്ടോപ്പ് നോക്കിയതു തന്നെ. നാലു ദിവസം മുമ്പ് വത്സലയുടെ ഒരു മെയിൽ വന്നു കിടപ്പുണ്ടായിരുന്നു. അതിൽ ഇപ്രകാരം എഴുതിയിരുന്നു, (ഇംഗ്ലീഷ് ഭാഷയുടെ പരിഭാഷ) "ഞാൻ അബുദാബിയിൽ വീട്ടുതടങ്കലിലാണ്, പാസ്സ്പോർട്ട് അച്ഛൻ പിടിച്ചു വെച്ചിരിക്കുന്നു, എനിക്കിവിടെ നിന്നും രക്ഷപെടാൻ ഒരു നിവൃത്തിയുമില്ല."
ഞാൻ ആലോചിച്ചിട്ട് ഒരു എത്തുംപിടിയും കിട്ടിയില്ല. സ്ഹൃത്തുക്കൾ ഒന്നിച്ചു കൂടി പല അഭിപ്രായങ്ങൾ മുന്നോട്ട് വെച്ചു. അതിലൊന്ന് നീ അബുദാബിയ്ക്ക് പോകുകയെന്നതാണ്. അതിനുള്ള പണം ഞങ്ങൾ സ്വരൂപിക്കാമെന്നായി. ഇതൊരു വാശിയായി കാണണമെന്നവർ ഉപദേശിച്ചു. നമ്മളുടെ റഹിമിൻ്റെ ഇക്ക ഖാദർ അബുദാബിയിലുണ്ട്. ഖാദറിക്ക വഴി ഒരു ജോലി അവിടെ ശരിയാക്കാം. നമ്മൾ ഒരുമിച്ച് നിന്നാൽ പടച്ചോൻ സഹായിക്കാതിരിക്കില്ല. ജീവിതത്തിൽ ഇത് നഷ്ടപ്പെടാതിരിക്കാൻ നോക്കണം, ഒരിക്കൽ നഷ്ടപ്പെട്ടാൽ ഒരിക്കലും തിരിച്ചുപിടിക്കാനാവില്ല. അബു നിശ്ശബ്ദനായിരുന്നു. ദിവസങ്ങൾ വിടപറയുമ്പോൾ എവിടെയോ ഒരു പ്രകാശത്തിൻ്റെ കിരണങ്ങൾ വിരിയുന്ന പോലെ തോന്നി.
-------തുടരും---------