വേതന വർധന ഉൾപ്പെടെ കമ്പനി മുന്നോട്ടു വച്ച വാഗ്ദാനങ്ങൾ തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ കനേഡിയൻ വിമാനക്കമ്പനിയായ വെസ്റ്റ്‌ജെറ്റിലെ ഫ്ലൈറ്റ് അറ്റൻഡൻറുമാർ സമരം ആരംഭിച്ചു. ഇതേ തുടർന്ന് നിരവധി വിമാന സർവീസുകൾ റദ്ദാക്കേണ്ടി വരികയും ആയിരക്കണക്കിന് യാത്രക്കാരുടെ യാത്ര തടസ്സപ്പെടുകയും ചെയ്തു.
ജീവനക്കാരുടെ സംഘടനയായ 'CUPE 8125' ഉം മാനേജ്‌മെൻ്റും തമ്മിൽ ആഴ്ചകളോളം നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക്. നിലവിലെ വേതന വ്യവസ്ഥ കാലഹരണപ്പെട്ടതാണെന്നും ജീവനക്കാരുടെ കഠിനാധ്വാനത്തിന് അർഹമായ പരിഗണന നൽകുന്നില്ലെന്നുമാണ് യൂണിയൻ ആരോപിക്കുന്നത്. ഒക്ടോബർ മുതൽ മുൻകാല പ്രാബല്യത്തോടെ 13 ശതമാനം ശമ്പള വർധനവും തുടർന്ന് വരുന്ന മൂന്ന് വർഷത്തേക്ക് പ്രതിവർഷം 2.5 ശതമാനം വർധനവുമാണ് കമ്പനി വാഗ്ദാനം ചെയ്തത്.
വിമാനം പറന്നുയരുന്ന സമയം മുതൽ താഴെയിറങ്ങുന്നത് വരെയുള്ള സമയത്തിന് മാത്രം ശമ്പളം നൽകുന്ന 'ക്രെഡിറ്റ് അവർ' രീതിയാണ് പ്രധാന തർക്കവിഷയം. വിമാനം പുറപ്പെടുന്നതിന് മുൻപുള്ള തയ്യാറെടുപ്പ് സമയത്തിനും സുരക്ഷാ പരിശോധനകൾക്കും നിലവിൽ പണം ലഭിക്കാറില്ല. പുതിയ കാലത്ത് വിമാനത്താവളങ്ങളിൽ നേരിടുന്ന വൈകൽ കാരണം ജീവനക്കാർ റൺവേയിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നും ഇതിനും വേതനം നൽകണമെന്നുമാണ് യൂണിയന്റെ ആവശ്യം.
സമരം കാരണം കാൽഗറി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മാത്രം എൺപതിലേറെ വിമാന സർവീസുകൾ റദ്ദാക്കി. അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുന്ന നാഷണൽ സ്‌പെഷ്യൽ ഒളിമ്പിക്‌സ് കായികമേളയ്ക്കെത്തുന്ന നൂറുകണക്കിന് കായികതാരങ്ങളെയും ഉദ്യോഗസ്ഥരെയും പണിമുടക്ക് ബാധിച്ചിട്ടുണ്ട്. നിരവധി യാത്രക്കാരാണ് കണക്റ്റിംഗ് ഫ്ലൈറ്റുകൾ ലഭിക്കാതെ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.