അമേരിക്കക്കാരുടെ സ്വപ്നകേന്ദ്രം കാനഡ തന്നെ; പക്ഷെ കൂടുതൽ ഇഷ്‌ടം സ്വിറ്റ്സർലാൻ്റ് 

By: 600110 On: Aug 3, 2026, 12:42 PM

 

അമേരിക്ക വിട്ട് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന യു.എസ്. പൗരന്മാർ ഏറ്റവും കൂടുതൽ അന്വേഷിക്കുന്ന രാജ്യമായി കാനഡ. പ്രമുഖ കൾച്ചറൽ ഇൻ്റലിജൻസ് ട്രെയിനിംഗ് പ്ലാറ്റ്‌ഫോമായ 'കൺട്രി നാവിഗേറ്റർ' നടത്തിയ ആഗോള പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. പ്രതിവർഷം ശരാശരി 1,05,500-ലധികം ആളുകളാണ് യു.എസിൽ നിന്ന് കാനഡയിലേക്കുള്ള കുടിയേറ്റ സാധ്യതകളെക്കുറിച്ച് ഇൻ്റർനെറ്റിൽ തിരയുന്നത്. അമേരിക്കയുമായി സാംസ്കാരികമായി ഏറെ സാമ്യമുള്ളതും സുഗമമായ ഇമിഗ്രേഷൻ നയങ്ങൾ നിലനിൽക്കുന്നതുമാണ് കാനഡയെ പ്രധാന ആകർഷണ കേന്ദ്രമാക്കുന്നത്.

തൊഴിലവസരങ്ങൾ, രാഷ്ട്രീയ സ്ഥിരത, തൊഴില്ലായ്മ നിരക്ക്, കുടിയേറ്റ പ്രവണതകൾ എന്നിവ വിശകലനം ചെയ്താണ് മികച്ച 10 രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്. മികച്ച രാജ്യങ്ങളുടെ മൊത്തത്തിലുള്ള റാങ്കിംഗിൽ 10-ൽ 8.07 പോയിൻ്റോടെ കാനഡ അഞ്ചാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. കാനഡയിലെ തൊഴില്ലായ്മ നിരക്ക് 6.9 ശതമാനവും രാഷ്ട്രീയ സ്ഥിരത 76 ശതമാനവുമാണ്. വിദേശ തൊഴിലാളികളെ ആകർഷിക്കുന്നത് രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്ന കനേഡിയൻ സർക്കാരിൻ്റ നിലപാടും അമേരിക്കക്കാർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു.

അതേസമയം, അമേരിക്കൻ ജീവനക്കാർ കുടിയേറാൻ ഏറ്റവും യോഗ്യമായി കരുതുന്ന രാജ്യങ്ങളുടെ  പട്ടികയിൽ സ്വിറ്റ്സർലൻഡാണ് ഒന്നാം സ്ഥാനത്തുള്ളത്. ശക്തമായ സാമ്പത്തിക വ്യവസ്ഥ, കുറഞ്ഞ തൊഴില്ലായ്മ നിരക്ക് (4.9%), ഉയർന്ന വേതനം എന്നിവയാണ് സ്വിറ്റ്സർലൻഡിനെ മുൻപന്തിയിലെത്തിച്ചത്. മികച്ച ജീവിതനിലവാരവും സാമ്പത്തിക ഭദ്രതയുമുള്ള ന്യൂസിലൻഡ് രണ്ടാം സ്ഥാനത്തും, പ്രമുഖ അന്താരാഷ്ട്ര കമ്പനികളുടെ സാന്നിധ്യമുള്ള അയർലൻഡ് മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചു. അമേരിക്കക്കാർക്ക് അവരുടെ ജോലി അന്തരീക്ഷവുമായി വേഗത്തിൽ പൊരുത്തപ്പെടാൻ സാധിക്കുന്ന സാംസ്കാരിക സമാനതകളുള്ള രാജ്യങ്ങളാണ് പ്രധാനമായും പട്ടികയിൽ മുന്നിലെത്തിയിരിക്കുന്നത്.