നിശ്ചയദാർഢ്യത്തിനും ത്യാഗങ്ങൾക്കും മുന്നിൽ ദൈവം തിരികെ നൽകിയ മഹാഭാഗ്യത്തിൻ്റെ കഥയാണിത്. ദുബായ് ലോട്ടറിയുടെ മൂന്ന് കോടി ദിർഹം ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കിയ കോട്ടയം സ്വദേശി 52-കാരനായ സുനിൽ കുമാർ സദാശിവൻ്റെ ജീവിതം ഏതൊരു സിനിമാക്കഥയെയും വെല്ലുന്നതാണ്.
പതിനെട്ടാം വയസ്സിൽ പ്രതീക്ഷകൾ മാത്രം നെഞ്ചിലേറ്റി വീടുവിട്ടിറങ്ങിയതാണ് സുനിൽ. സ്വന്തം സന്തോഷങ്ങളോ ആഗ്രഹങ്ങളോ നോക്കാതെ, തൻ്റെ ആറ് സഹോദരിമാരെയും വിവാഹം കഴിപ്പിച്ച് സുരക്ഷിതരാക്കാനാണ് അദ്ദേഹം തൻ്റെ യൗവനം മുഴുവൻ മാറ്റിവെച്ചത്. ആ കടമകളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് സുനിൽ സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.
2006-ൽ വിവാഹിതനായ അദ്ദേഹം മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി യു.എ.ഇയിലെത്തി. പിന്നീട് നാട്ടിൽ മടങ്ങിപ്പോയി ടൈൽ കോൺട്രാക്ടറായി ജോലി ചെയ്തെങ്കിലും സാമ്പത്തിക പ്രതിസന്ധികൾ കാരണം രണ്ട് വർഷം മുൻപ് വീണ്ടും പ്രവാസിയായി യു.എ.ഇയിൽ തിരിച്ചെത്തി. കഴിഞ്ഞ രണ്ട് വർഷമായി ഒരു മെയിൻ്റനൻസ് ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.
ദാമ്പത്യജീവിതത്തിൽ 12 വർഷത്തോളം കുഞ്ഞുങ്ങളില്ലാത്തതിൻ്റെ സങ്കടവും ഇവർ അനുഭവിച്ചു. സമ്പാദ്യത്തിൻ്റെ നല്ലൊരു പങ്കും വന്ധ്യതാ ചികിത്സയ്ക്കായി ചെലവഴിച്ചു. ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ കാലഘട്ടമായിരുന്നു അതെന്നും പിന്നീട് ഒരു മകൾ പിറന്നപ്പോഴാണ് ജീവിതത്തിലേക്ക് സന്തോഷം എത്തിയതെന്നും സുനിൽ ഓർത്തെടുക്കുന്നു.
ഭാര്യയുടെയും മകളുടെയും തൻ്റെയും ജന്മദിന തീയതികൾ ചേർത്താണ് സുനിൽ യു.എ.ഇ ലോട്ടറി എടുത്തത്. ജോലി കഴിഞ്ഞ് ഫലം പരിശോധിച്ച സുനിൽ കണ്ടത് തനിക്ക് 30 ദശലക്ഷം ദിർഹത്തിൻ്റെ ഒന്നാം സമ്മാനം ലഭിച്ചു എന്ന സ്വപ്നതുല്യമായ വാർത്തയാണ്!
എന്നാൽ, ഈ കോടികളെക്കാൾ തനിക്ക് പ്രധാനം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ലഭിക്കുന്ന സമയമാണ് എന്ന് ഈ സാധാരണക്കാരൻ പറയുന്നു. വർഷങ്ങളായി ഭാര്യയ്ക്കും മകൾക്കും ഒപ്പം ചെലവഴിക്കാൻ സമയം കിട്ടിയിരുന്നില്ല. ജോലി തിരക്കുകൾ കാരണം അതിന് സാധിച്ചിരുന്നില്ല. ഇപ്പോൾ ഈ ഭാഗ്യം നൽകിയത് പണത്തേക്കാൾ ഉപരി കുടുംബത്തോടൊപ്പം ജീവിക്കാനുള്ള സമയമാണ് എന്ന് സുനിൽ പറഞ്ഞു.
നാട്ടിൽ നിർമ്മാണം പകുതിയിലായ വീട് പൂർത്തിയാക്കുക, മകൾക്ക് നല്ല വിദ്യാഭ്യാസം നൽകുക, കൂടാതെ നിർദ്ധനരായ കുട്ടികളെ സഹായിക്കാനും പാവപ്പെട്ട കുടുംബങ്ങൾക്ക് തണലാകാനും ഒരു ചെറിയ ബിസിനസ്സ് തുടങ്ങുക എന്നിവയാണ് സുനിലിൻ്റെ അടുത്ത ലക്ഷ്യങ്ങൾ. ലോട്ടറി അടിച്ചു എന്നതിനേക്കാൾ, ആ പണം കൊണ്ട് താൻ എന്തൊക്കെ നല്ല കാര്യങ്ങൾ ചെയ്തു എന്നതിലൂടെ ആളുകൾ തന്നെ ഓർക്കണമെന്നാണ് സുനിൽ ആഗ്രഹിക്കുന്നത്.