ടൊറൻ്റോ ദ്വീപുകളിലേക്കുള്ള വ്യാജ ഫെറി ടിക്കറ്റ് വെബ്‌സൈറ്റുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി നഗരസഭ

By: 600110 On: Aug 3, 2026, 10:39 AM

ടൊറൻ്റോ ദ്വീപുകളിലേക്കുള്ള ഫെറി ടിക്കറ്റുകൾ വിൽക്കുന്ന വ്യാജ വെബ്‌സൈറ്റുകൾക്കെതിരെ നഗരവാസികൾക്ക് ടൊറൻ്റോ നഗരസഭ ജാഗ്രതാ നിർദ്ദേശം നൽകി. ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ ടിക്കറ്റുകൾ വാങ്ങാവൂ എന്നും വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.

കുട്ടികൾക്കും യുവാക്കൾക്കും മുതിർന്ന പൗരന്മാർക്കും ഓഗസ്റ്റ് മാസത്തിൽ ഫെറികളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് തട്ടിപ്പുകാർ സജീവമായിരിക്കുന്നത്. ഔദ്യോഗിക പേജിന് സമാനമായ വെബ്‌സൈറ്റുകൾ നിർമ്മിച്ച് പണം തട്ടാനും, ആളുകളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ചോർത്താനുമാണ് വ്യാജന്മാർ ശ്രമിക്കുന്നത്. തേഡ് പാർട്ടി  ഏജൻസികൾക്കൊന്നും ടിക്കറ്റ് വിൽക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ബിസി ബിഷപ്പ് എയർപോർട്ട് വികസനത്തിനെതിരെ നഗരവാസികൾ നടത്തിയ പ്രതിഷേധങ്ങളുടെ വിജയത്തോടനുബന്ധിച്ചാണ് ഓഗസ്റ്റ് മാസത്തിൽ നഗരസഭ ചില വിഭാഗങ്ങൾക്ക് സൗജന്യ യാത്ര അനുവദിച്ചത്. ഏകദേശം 9,40,000 ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്കായി നികുതിദായകരിൽ നിന്ന് പണം ഈടാക്കില്ലെന്നും ഡെവലപ്പർമാരിൽ നിന്ന് ശേഖരിച്ച ഫണ്ട് ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കുന്നതെന്നും മേയർ ഒലീവിയ ചൗ അറിയിച്ചു.

വ്യാജ വെബ്‌സൈറ്റുകൾ വഴി വഞ്ചിക്കപ്പെട്ടവർ ഉടൻതന്നെ വിവരങ്ങൾ നഗരസഭയെയും ബന്ധപ്പെട്ട ബാങ്കുകളെയും അറിയിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വ്യാജ വെബ്‌സൈറ്റുകൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയും നഗരസഭ മുന്നറിയിപ്പ് നൽകുന്നുണ്ട്.