ഡാലസ് മാര്‍ത്തോമ്മാ ഇടവകയില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷവും പുതിയ ദേവാലയത്തിന്റെ തറക്കല്ലു വാഴ്‌വ് ശുശ്രൂഷയും ഭക്തിനിര്‍ഭരമായി

By: 600002 On: Aug 3, 2026, 9:57 AM



 

പി പി ചെറിയാന്‍

ഡാലസ്: മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് കാരള്‍ട്ടണ്‍ ഇടവകയുടെ 50-ാമത് വാര്‍ഷിക സുവര്‍ണ്ണ ജൂബിലി (1976-2026) ആഘോഷങ്ങളും പുതിയ ദേവാലയത്തിന്റെയും മള്‍ട്ടി പര്‍പ്പസ് ഹാളിന്റെയുംതറക്കല്ലു  വാഴ്‌വ് ശുശ്രൂഷയുംഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. 2026 ഓഗസ്റ്റ് 2 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിച്ച വിശുദ്ധ ചടങ്ങുകള്‍ക്ക് മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. തിയൊഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

ഇടവകയുടെ 50 വര്‍ഷത്തെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ഈ ചടങ്ങില്‍ സഭയിലെ പ്രമുഖ പട്ടക്കാരും ഫാര്‍മേഴ്സ് ബ്രാഞ്ച് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച വികാരി റവ റോയ് തോമസ് ,റവ ജെസ്വിന്‍ ,റവ അരുണ്‍ വര്ഗീസ് ,റവ ജസ്റ്റിന്‍ , റവ റജിന്‍ രാജു ,ഭദ്രാസന കൗണ്‍സില്‍ അംഗം തോമസ് ഈശോ ,മണ്ഡലം മെമ്പര്‍ ഷാജി രാമപുരം പ്രാദേശിക രാഷ്ട്രീയ-സാമൂഹിക നേതാക്കളും ഉള്‍പ്പെടെ വന്‍ ജനപങ്കാളിത്തമാണ് ദൃശ്യമായത്.

സഭാ ഗായകസംഘം ആലപിച്ച ദൈവസ്തുതികളോടെയും വര്‍ണ്ണാഭമായ പ്രഘോഷണ ഘോഷയാത്രയോടെയും ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന ആരാധനയ്ക്ക് ഡോ. തിയൊഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത നേതൃത്വം നല്‍കുകയും വികാരി റവ. ജസ്റ്റിന്‍ പാപ്പച്ചന്‍ ജേക്കബ് ഏവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

ഇടവക സെക്രട്ടറി ജൂബി അലക്‌സാണ്ടര്‍ കാരള്‍ട്ടണ്‍ മാര്‍ത്തോമ്മാ ഇടവകയുടെ കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ വളര്‍ച്ചയും ചരിത്രവും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സഭാ ഗായകസംഘം പ്രത്യേക വാര്‍ഷിക ഗാനം ആലപിക്കുകയും, തുടര്‍ന്ന് സുവര്‍ണ്ണ ജൂബിലി ഓര്‍മ്മക്കായി രൂപകല്‍പ്പന ചെയ്ത പ്രത്യേക ടി-ഷര്‍ട്ടിന്റെ പ്രകാശനം നിര്‍വ്വഹിക്കുകയും ചെയ്തു.

സെഹിയോന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. റോബിന്‍ വര്‍ഗീസ്, ഡാലസ് KECF പ്രസിഡന്റ് റവ. രാജു ഡാനിയേല്‍ കോര്‍-എപ്പിസ്‌കോപ്പ, മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) വികാരി റവ. അബ്രഹാം വി. സാംസണ്‍, സണ്ണിവെയില്‍ മേയര്‍ ബഹു. സജി ജോര്‍ജ്ജ് ,കാരള്‍ട്ടണ്‍ മേയര്‍ സ്റ്റീവ് ബബിക്ക് എന്നിവര്‍ സുവര്‍ണ്ണ ജൂബിലി ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

പുതിയ ദേവാലയ മന്ദിരത്തിന്റെയും അനുബന്ധ മള്‍ട്ടി പര്‍പ്പസ് ഹാളിന്റെയും തറക്കല്ലുകള്‍ ഡോ. തിയൊഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ആശീര്‍വദിച്ച് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് നടത്തിയ പ്രഭാഷണത്തില്‍, സഭയുടെ ദീര്‍ഘകാലത്തെ വിശ്വാസ കൂട്ടായ്മയെയും മുന്നോട്ടുള്ള കാല്‍വെപ്പുകളെയും തിരുമേനി അഭിനന്ദിച്ചു.

ഇടവക വൈസ് പ്രസിഡന്റ് വര്‍ക്കി എം. ജേക്കബ് വികാരി റവ. ജസ്റ്റിന്‍ പാപ്പച്ചന്‍ ജേക്കബ് ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. ഇടവക വൈസ് പ്രസിഡന്റ് വര്‍ക്കി എം. ജേക്കബ് സമാപന പ്രാര്‍ത്ഥനയ്ക്കും മെത്രാപ്പോലീത്തായുടെ ആശീര്‍വാദത്തിനും കൈമുത്തിനും ശേഷം ആഘോഷ പരിപാടികള്‍ മംഗളകരമായി സമാപിച്ചു.