കിഡ്നി ഇൻ എ ബോക്സ്': വൃക്കമാറ്റിവെക്കൽ ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിച്ച് പുതിയ സാങ്കേതികവിദ്യ

By: 600110 On: Aug 3, 2026, 9:28 AM

 

വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ രംഗത്ത് വൻ മുന്നേറ്റവുമായി പുതിയ സാങ്കേതികവിദ്യ. ദാതാവിൽ നിന്ന് സ്വീകർത്താവിലേക്ക് വൃക്കകൾ സുരക്ഷിതമായി എത്തിക്കുന്ന പ്രക്രിയയിലാണ് 'എക്സ് വിവോ കിഡ്നി അസിസ്റ്റ് ട്രാൻസ്പോർട്ട്'  എന്ന ഉപകരണം വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുന്നത്.

കാനഡയിലെ എഡ്മൻ്റണിലുള്ള യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട ഹോസ്പിറ്റലിലാണ് ഈ ഉപകരണം ആദ്യമായി ഉപയോഗിച്ചത്. കാനഡ ആരോഗ്യ മന്ത്രാലയം ഇതിൻ്റെ ഉപയോഗത്തിന് അനുമതി നൽകിയതിന് പിന്നാലെയാണിത്. ദാനമായി ലഭിക്കുന്ന വൃക്കയിലേക്ക് ഓക്സിജൻ പ്രവഹിപ്പിക്കാൻ കഴിയും എന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രധാന സവിശേഷതയെന്ന് ആശുപത്രിയിലെ സർജിക്കൽ ഡയറക്ടർ ഡോ. മാക്സ് ലെവിൻ പറഞ്ഞു. പ്രത്യേകിച്ച്, മസ്തിഷ്ക മരണം സംഭവിച്ചവരിൽ നിന്ന് ലഭിക്കുന്ന വൃക്കകൾ കേടുപാടുകൾ കൂടാതെ സംരക്ഷിക്കാനും അവ സ്വീകരിക്കുന്ന രോഗികളിൽ പെട്ടെന്ന് പ്രവർത്തനക്ഷമമാക്കാനും ഈ സംവിധാനം സഹായിക്കുന്നു.

വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ കാത്തിരിക്കുന്ന നൂറുകണക്കിന് രോഗികൾക്ക് പുതിയ പ്രതീക്ഷ നൽകുന്നതാണ് ഈ കണ്ടുപിടുത്തം. വോയിസ് അസിസ്റ്റഡ് റോബോട്ടിക് ശസ്ത്രക്രിയയും പുതിയ സാങ്കേതികവിദ്യയും സമന്യയിപ്പിച്ചാണ് രോഗികളിൽ ചികിത്സ ഉറപ്പാക്കുന്നത്. നാല് വർഷമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന ഡേവിഡ് ക്ലിപ്ലെഫ് എന്ന മൃഗഡോക്ടറിലാണ് ഈ രീതി വിജയകരമായി പരീക്ഷിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം തന്നെ എഴുന്നേറ്റു നടക്കാനും ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രി വിടാനും അദ്ദേഹത്തിന് സാധിച്ചു. പുതിയ വൃക്കയിലൂടെ വീണ്ടും പൂർണ്ണ ആരോഗ്യത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം, ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ ജോലിയിൽ തിരികെ പ്രവേശിക്കുകയും ചെയ്തു.