മലങ്കര മാര്‍ത്തോമ്മാ സഭയുടെ ചരിത്രം ആവിഷ്‌കരിക്കുന്ന ലാല്‍ വര്‍ഗീസിന്റെ പുതിയ ഗ്രന്ഥം ആമസോണില്‍ 

By: 600002 On: Aug 3, 2026, 9:28 AM



പി പി ചെറിയാന്‍ 

ഡാലസ്: അമേരിക്കയിലെ ഡാലസില്‍ അഭിഭാഷകനും എഴുത്തുകാരനുമായ ലാല്‍ വര്‍ഗീസിന്റെ രണ്ടാമത്തെ ഗ്രന്ഥമായ 'A Faith Journey: Milestones in the History of the Malankara Mar Thoma Syrian Church' ലോകമെമ്പാടും ആമസോണ്‍ വഴി Kindle eBook, Paperback, Hardcover പതിപ്പുകളിലായി പ്രസിദ്ധീകരിച്ചു.

യേശുക്രിസ്തുവിന്റെ ശിഷ്യനായ വിശുദ്ധ തോമാശ്ലീഹ സ്ഥാപിച്ചതായി പാരമ്പര്യമായി വിശ്വസിക്കപ്പെടുന്ന മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ചരിത്രവികാസത്തിലെ സുപ്രധാന നാഴികക്കല്ലുകള്‍ സമഗ്രമായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണിത്. അപ്പസ്‌തോലിക കാലഘട്ടം മുതല്‍ നവീകരണ പ്രസ്ഥാനം, മാര്‍ത്തോമ്മാ സഭയുടെ രൂപീകരണം, ആത്മീയ നവോത്ഥാനം, സുവിശേഷ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ-സാമൂഹിക സേവനങ്ങള്‍, ആഗോള വ്യാപനം എന്നിവ ഉള്‍പ്പെടെ സഭയുടെ ചരിത്രയാത്രയെ രേഖപ്പെടുത്തുകയാണ് ഈ കൃതി.

പ്രത്യേകിച്ച് വിദേശരാജ്യങ്ങളില്‍ വളരുന്ന മാര്‍ത്തോമ്മാ യുവതലമുറയ്ക്ക് തങ്ങളുടെ സഭയുടെ വിശ്വാസപാരമ്പര്യവും ആത്മീയ മൂല്യങ്ങളും ചരിത്രവും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നതെന്ന് ലേഖകന്‍ അറിയിച്ചു. ചരിത്രസംഭവങ്ങള്‍ വിവരിക്കുന്നതിലുപരി, മാര്‍ത്തോമ്മാ സഭയുടെ ആത്മീയ ദര്‍ശനവും സാക്ഷ്യജീവിതവും ഭാവിതലമുറയിലേക്ക് കൈമാറാനുള്ള ഒരു വിനീതശ്രമം കൂടിയാണ് ഈ ഗ്രന്ഥം.

ഗ്രന്ഥത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത, വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന റോയല്‍റ്റിയുടെ നൂറ് ശതമാനവും ആലുവ സാന്തിഗിരി ആശ്രമത്തിന്റെ എന്‍ഡോവ്‌മെന്റ് ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന പ്രഖ്യാപനമാണ്. അന്തരിച്ച അഭിവന്ദ്യ ഡോ. സക്കറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത സ്ഥാപിച്ച ഈ എന്‍ഡോവ്‌മെന്റ് ഫണ്ട്, ലേഖകനും സക്കറിയാസ് തിരുമേനിയും പഠിച്ച യൂണിയന്‍ ക്രിസ്ത്യന്‍ കോളേജിലെ ഉന്നത വിദ്യാഭ്യാസത്തിനായി, എടത്തല-ആലുവ പ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്പ്രധാനമായും ഹിന്ദു, മുസ്ലിം കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക്‌സാമ്പത്തിക സഹായം നല്‍കിവരുന്നു.

''ഈ ഗ്രന്ഥം വാങ്ങുന്ന ഓരോ വായനക്കാരനും മാര്‍ത്തോമ്മാ സഭയുടെ സമ്പന്നമായ ചരിത്രപൈതൃകം സംരക്ഷിക്കുന്നതോടൊപ്പം അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനും കൈത്താങ്ങാകുന്നു. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഇടവകാംഗങ്ങളുമായും ഈ വിവരം പങ്കുവെച്ച് ഈ സത്പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്ന് ലാല്‍ വര്‍ഗീസ് അഭ്യര്‍ഥിക്കുന്നു,''

ഗ്രന്ഥം ലഭിക്കുന്ന ലിങ്ക്:

https://www.amazon.com/dp/B0H9Z5M797