271 പേരുമായി യാത്ര ചെയ്ത ഫെറിക്ക് തീപിടിത്തം; 5 മരണം, 41 പേരെ കാണാതായി

By: 600002 On: Aug 3, 2026, 9:22 AM



 

പ്രസാദ് തീയാടിക്കല്‍

ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലെ ജാവ ദ്വീപിന് സമീപം യാത്ര ചെയ്യുകയായിരുന്ന 'മുതിയാര സെന്റോസ 2' (Mutiara Sentosa 2) എന്ന യാത്രാ ഫെറിക്ക് ഞായറാഴ്ച രാവിലെ തീപിടിത്തമുണ്ടായി. 271 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്ന കപ്പലില്‍ ഉണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചതായും 41 പേരെ കാണാതായതായും ഇന്‍ഡോനേഷ്യന്‍ ദേശീയ തിരച്ചില്‍-രക്ഷാപ്രവര്‍ത്തന ഏജന്‍സി (Basarnas) അറിയിച്ചു.

ഈസ്റ്റ് ജാവയിലെ സുരബായയില്‍ നിന്ന് ദക്ഷിണ സുലവേസിയിലെ മകാസര്‍ ഭാഗത്തേക്കുള്ള യാത്രയ്ക്കിടെയാണ് മദുര ദ്വീപിന് സമീപം ഫെറിക്ക് തീപിടിച്ചത്. തീയും കനത്ത പുകയും പടര്‍ന്നതോടെ നിരവധി യാത്രക്കാര്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ച് കടലിലേക്ക് ചാടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ടഗ് ബോട്ടുകളും മറ്റ് കപ്പലുകളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

അപകടത്തിന് പിന്നാലെ ഇതുവരെ 225 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്‍ഡോനേഷ്യന്‍ നാവികസേനയും രക്ഷാപ്രവര്‍ത്തന സംഘങ്ങളും തുടരുകയാണ്. തീപിടിത്തത്തിന് കാരണമായ സാഹചര്യം ഇതുവരെ വ്യക്തമായിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.