പി പി ചെറിയാന്‍
ഡാളസ്: ജോര്‍ദാനില്‍ ഇറാനിയന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 19 കാരിയായ യു.എസ് ആര്‍മി പ്രൈവറ്റ് ഫസ്റ്റ് ക്ലാസ് ഇസബെല്ല ഗോണ്‍സാലസിന് വടക്കന്‍ ടെക്‌സസില്‍ കണ്ണീരോടെ വിടചൊല്ലി. ശനിയാഴ്ച നടന്ന അനുസ്മരണ ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.
ജോര്‍ദാനില്‍ സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് ഇസബെല്ല ഗോണ്‍സാലസ് വീരമൃത്യു വരിച്ചത്. ചുരുങ്ങിയ പ്രായത്തിനുള്ളില്‍ അവര്‍ വലിയ ധീരത പ്രകടിപ്പിച്ചതായി ബന്ധുക്കളും സൈനിക ഉദ്യോഗസ്ഥരും അനുസ്മരിച്ചു.
സൈനിക ജീവിതവുമായി പെട്ടെന്ന് പൊരുത്തപ്പെടുകയും പുതിയ കാര്യങ്ങള്‍ വേഗത്തില്‍ പഠിച്ചെടുക്കുകയും ചെയ്ത ഇസബെല്ലയെ ബ്രിഗേഡിയര്‍ ജനറല്‍ ഗ്ലെന്‍ ഹെന്‍കെ പ്രശംസിച്ചു.
ടെക്‌സസിലെ കരോള്‍ട്ടണ്‍ സ്വദേശിനിയായ ഇസബെല്ല, ഹെബ്രോണ്‍ ഹൈസ്‌കൂളില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് പഠനം പൂര്‍ത്തിയായത്. ഒരു മകള്‍, സഹോദരി, പ്രതിശ്രുത വധു എന്നീ നിലകളിലെല്ലാം സ്‌നേഹിക്കപ്പെട്ട വ്യക്തിയായിരുന്നു അവര്‍.
ഞായറാഴ്ച രാവിലെ 10 മണിക്ക് ഡി.എഫ്.ഡബ്ല്യു നാഷണല്‍ സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്.