യാത്രക്കാർക്ക് പോർട്ടബിൾ കോവിഡ് ടെസ്റ്റ് കിറ്റുകൾ വാഗ്ദാനം ചെയ്ത് എയർ കാനഡ

By: 600007 On: Oct 26, 2021, 7:44 PM

കാനഡയിലേക്ക് വരുന്ന യാത്രക്കാർക്ക് പോർട്ടബിൾ കോവിഡ് ടെസ്റ്റ് കിറ്റുകൾ വാഗ്ദാനം ചെയ്ത് എയർ കാനഡ. കാനഡയിൽ പ്രവേശിക്കുന്ന എല്ലാ യാത്രക്കാർക്കും യാത്രയ്ക്ക് മുൻപായി 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് മോളിക്യൂലർ നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് കാണിക്കേണ്ടതാണ്. ആർടി ലാംപ് (RT-LAMP) ടെസ്റ്റ് കിറ്റ് എന്ന് വിളിക്കപ്പെടുന്ന എയർ കാനഡ നൽകുന്ന കോവിഡ് ടെസ്റ്റ് കിറ്റിന്റെ റിസൾട്ട് കനേഡിയൻ ഗവണ്മെന്റ് അംഗീകൃതമാണെന്നും കൂടാതെ ഇത് ഉപയോഗിക്കുന്നത് വഴി വിദേശ രാജ്യത്ത് ഒരു കോവിഡ് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യപ്രദമായ ഒരു ബദലായിരിക്കുമെന്നും എയർ കാനഡ പറയുന്നു.

യാത്രക്കാർക്ക് മടക്ക യാത്രയ്ക്ക് മുൻപായി പോർട്ടബിൾ ടെസ്റ്റ് നടത്താം, കൂടാതെ 45 മിനിറ്റിനുള്ളിൽ ഡിജിറ്റലായി ഫലങ്ങൾ ലഭിക്കുമെന്നാണ് എയർ കാനഡ അറിയിച്ചിട്ടുള്ളത്. ടൊറന്റോ ആസ്ഥാനമായുള്ള ഹെൽത്ത് കെയർ കമ്പനിയായ സ്വിച്ച് ഹെൽത്തിന്റെ പങ്കാളിത്തത്തോടെയാണ് ആർടി ലാംപ് ടെസ്റ്റ് കിറ്റുകൾ യാത്രക്കാർക്ക് ലഭ്യമാക്കുന്നത്. നിലവിൽ എയ്റോപ്ലാൻ അംഗങ്ങൾക്ക് 149 ഡോളറിനാണ് ടെസ്റ്റ് കിറ്റ് ലഭ്യമാവുക. കൂടാതെ സ്വിച്ച് ഹെൽത്ത് വെബ്‌സൈറ്റിൽ നിന്നോ എയറോപ്ലാൻ ഓൺലൈൻ സ്റ്റോർ വഴിയോ വാങ്ങാവുന്നതാണ് എന്നാണ് ന്യൂസ് റിലീസിൽ അറിയിച്ചിട്ടുള്ളത്.  79 ഡോളറിന് പോർട്ടബിൾ ആന്റിജൻ ടെസ്റ്റ് കിറ്റും നൽകുന്നുണ്ടെങ്കിലും ആന്റിജൻ ടെസ്റ്റ് റിസൾട്ട് കനേഡിയൻ സർക്കാർ അംഗീകരിച്ചിട്ടില്ല. എന്നാൽ യുഎസിലേക്കും മറ്റ് ചില രാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ ഇത് ഉപയോഗിക്കാവുന്നതാണ്.