പ്രസാദ് തീയാടിക്കല്‍
അറ്റ്‌ലാന്റാ: ജോര്‍ജിയയിലെ Forsyth County സ്വദേശിനിക്കും 12 വയസ്സുള്ള മകള്‍ക്കും നേരെ Johns Creek-Alpharetta മേഖലയില്‍ ഉണ്ടായതായി പറയുന്ന റോഡ് റേജ് ആക്രമണവും വംശീയ അധിക്ഷേപവും ആശങ്കയുണര്‍ത്തുന്നു. വാഹനയാത്രയ്ക്കിടെ ആരംഭിച്ച തര്‍ക്കം പിന്നീട് പിന്തുടരലിലേക്കും ഭീഷണിയിലേക്കും മാറിയെന്നാണ് യുവതിയുടെ പരാതി.
സംഭവം State Bridge Road-ല്‍ വൈകിട്ട് 4.30 മുതല്‍ 5.00 മണിക്കുമിടെയാണെന്നാണ് വിവരം. സിഗ്‌നല്‍ നല്‍കി ലെയിന്‍ മാറാന്‍ ശ്രമിച്ച വെളുത്ത നിറത്തിലുള്ള Nissan Sentra കാറിന് വഴി നല്‍കിയതിനു പിന്നാലെ, അതിലെ ഡ്രൈവര്‍ തോക്കുണ്ടെന്ന സൂചന നല്‍കുന്ന രീതിയില്‍ കൈയാംഗ്യം കാട്ടുകയും പിന്നീട് പലതവണ വാഹനം തടയാന്‍ ശ്രമിക്കുകയും ചെയ്തതായി യുവതി പറയുന്നു.
Old Milton Parkway സമീപത്തെ സിഗ്‌നലില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ പുറത്തിറങ്ങി 'Go back to India. This is not your place' എന്ന് വിളിച്ചുപറഞ്ഞതോടൊപ്പം വംശീയ അധിക്ഷേപങ്ങളും നടത്തിയെന്നാണ് പരാതി. തുടര്‍ന്ന് യുവതിയുടെ വാഹനം നിരവധി ജംഗ്ഷനുകളിലൂടെ പിന്തുടര്‍ന്നതായും അവര്‍ ആരോപിക്കുന്നു.
ഭയന്ന യുവതി നേരെ വീട്ടിലേക്ക് പോകാതെ സമീപത്തെ ഒരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലേക്ക് വാഹനം ഓടിച്ച് 911-ല്‍ വിളിച്ചു. സംഭവസമയത്ത് വാഹനത്തിലുണ്ടായിരുന്ന 12 വയസ്സുള്ള മകളും അതീവ ഭയത്തിലായിരുന്നുവെന്ന് യുവതി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് യുവതി പ്രതിയുടെ വാഹനത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെങ്കിലും വാഹന നമ്പര്‍ വ്യക്തമായി ലഭിച്ചിട്ടില്ല. സംഭവത്തില്‍ വിവരമുള്ളവര്‍ Johns Creek Police Department-നെ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.