കാനഡയിലെ ടൊറൻ്റോയിൽ ആത്മീയ ചികിത്സയുടെയും മന്ത്രവാദത്തിൻ്റെയും പേരിൽ ഒരാളിൽ നിന്ന് എട്ട് ലക്ഷത്തിലധികം ഡോളർ തട്ടിയെടുത്ത ഇന്ത്യക്കാരനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. 'ഇന്ത്യൻ സൈക്കിക് ആൻഡ് സ്പിരിച്വൽ ഹീലർ' എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്ന ഗംഗാധർ ബാബു എന്നയാളെയാണ് പോലീസ് തിരയുന്നത്. അറസ്റ്റ് ഭയന്ന് ഇയാൾ ഇന്ത്യയിലേക്ക് കടന്നതായാണ് സംശയം.
അമാനുഷിക ശക്തികളിലുള്ള ഇരയുടെ വിശ്വാസത്തെ മുതലെടുത്താണ് പ്രതി തട്ടിപ്പ് നടത്തിയത്. തനിക്ക് പണം നൽകിയില്ലെങ്കിൽ ഇരയ്ക്കും പ്രിയപ്പെട്ടവർക്കും മരണം വരെയോ വലിയ അപകടങ്ങളോ സംഭവിക്കുമെന്ന് ഭയപ്പെടുത്തിയായിരുന്നു തട്ടിപ്പെന്ന് ടൊറൻ്റോ പോലീസ് വ്യക്തമാക്കി. 2024 ഏപ്രിലിനും കഴിഞ്ഞ വർഷം സെപ്റ്റംബറിനുമിടയിലാണ് ഇയാൾ പണം അപഹരിച്ചത്.
ബാബുവിനെതിരെ കാനഡയിലുടനീളം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അഞ്ചടി ആറിഞ്ച് ഉയരമുള്ള ഇയാൾക്ക് മെലിഞ്ഞ ശരീരപ്രകൃതവും കറുത്ത ചുരുണ്ട മുടിയും വെട്ടിയൊതുക്കിയ താടിയുമാണുള്ളത്. മുൻനിരയിലെ പല്ലുകൾക്കിടയിൽ വ്യക്തമായ വിടവുമുണ്ട്.
ഇയാളുടെ തട്ടിപ്പിനിരയായ കൂടുതൽ പേരുണ്ടാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. തട്ടിപ്പിനിരയായവരോ ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവരോ 416-808-3200 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്സിനെയോ (416-222-8477) ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
.....................................