മേയർ സ്ലൈമറായി, ജനങ്ങൾ ഒപ്പം നിന്നു; കാനഡയിൽ ഏഴുവയസ്സുകാരൻ്റെ ആഗ്രഹം യാഥാർത്ഥ്യമായി

By: 600110 On: Aug 1, 2026, 10:31 AM

 

ഗുരുതരമായ രോഗത്തോടു പോരാടുന്ന ഏഴുവയസ്സുകാരനായ ബ്രെൻ്റിൻ്റെ സ്വപ്നം സാക്ഷാത്കരിച്ച് 'മേക്-എ-വിഷ് കാനഡ' സംഘടന. ജനപ്രിയ സിനിമയിലെ 'ഗോസ്റ്റ്ബസ്റ്റർ' ആകണമെന്ന കുഞ്ഞിൻ്റെ ആഗ്രഹമാണ് നാട്ടുകാരുടെ സഹകരണത്തോടെ സംഘടന യാഥാർത്ഥ്യമാക്കിയത്.

കാല്ഗറി സ്റ്റാംപീഡ് ഗ്രാൻഡ്‌സ്റ്റാൻഡിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ സിനിമയിലെ വേഷവും ആയുധങ്ങളുമണിഞ്ഞാണ് ബ്രെൻ്റ് എത്തിയത്. കുട്ടിക്ക് പിന്തുണയുമായി നൂറുകണക്കിന് ആളുകളും സന്നദ്ധപ്രവർത്തകരും സ്ഥലത്ത് തടിച്ചുകൂടി. ചടങ്ങിന് മാറ്റുകൂട്ടാൻ കാല്ഗറി മേയർ ജെറോമി ഫാർകസ് സിനിമയിലെ 'സ്ലൈമർ' എന്ന കഥാപാത്രത്തിൻ്റെ വേഷത്തിൽ നേരിട്ടെത്തി.

കുട്ടികളുടെ മാനസിക സന്തോഷം അവരുടെ ആരോഗ്യത്തിന് പ്രധാനം തന്നെയാണെന്ന് മേക്-എ-വിഷ് കാനഡ ഭാരവാഹികൾ പറഞ്ഞു. ബ്രെൻ്റിനും കുടുംബത്തിനും ആവേശം പകർന്ന ഈ ദിനം കാല്ഗറിയിലെ ജനങ്ങളുടെ കൂട്ടായ്മയുടെയും കാരുണ്യത്തിൻ്റെയും വലിയൊരു ഉദാഹരണം കൂടിയായി മാറി.