കാനഡയിലെ കാല്ഗറിയിൽ ഓട്ടിസം ബാധിച്ച 11 വയസ്സുകാരൻ്റെ മരണത്തെ തുടർന്ന്, ഭിന്നശേഷിക്കാരായ കുട്ടികൾക്കായി രാജ്യവ്യാപകമായി അടിയന്തര മുന്നറിയിപ്പ് സംവിധാനം വേണമെന്ന ആവശ്യം ശക്തമാകുന്നു. പാർക്കർ എന്ന ബാലൻ്റെ വേർപാടാണ് രാജ്യം മുഴുവൻ വൻ പ്രതിഷേധത്തിനും വേദനയ്ക്കും കാരണമായത്.
കഴിഞ്ഞ ജൂലൈ 16-ന് ഡേകെയറിൽ നിന്ന് കാണാതായ പാർക്കറുടെ മൃതദേഹം പിന്നീട് ഭൂഗർഭ പൈപ്പുകൾക്കിടയിൽ നിന്നാണ് കണ്ടെത്തിയത്. നൂറുകണക്കിന് പൊലീസുകാരും ജനങ്ങളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ ജീവനോടെ കണ്ടെത്താനായില്ല. തട്ടിക്കൊണ്ടുപോകൽ കേസുകളിൽ മാത്രം സാധാരണ നൽകാറുള്ള 'ആംബർ അലർട്ട്' പാർക്കറുടെ കാര്യത്തിൽ രണ്ടാമത്തെ ദിവസമാണ് നൽകിയത്. ഇത് നിലവിലെ മുന്നറിയിപ്പ് സംവിധാനത്തിലെ വീഴ്ചകളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ മാത്രമല്ല, അപകടസാധ്യതയുള്ള കുട്ടികളെ കാണാതാകുമ്പോഴും ഇത്തരം അലർട്ടുകൾ ഉടനടി നൽകണമെന്ന് കൺസർവേറ്റീവ് എം.പി മൈക്ക് ലേക്കും പാർട്ടി നേതാവ് പിയറി പൊയിലീവ്രെയും ആവശ്യപ്പെട്ടു. ഓട്ടിസം ബാധിച്ച കുട്ടികളിൽ പകുതിയോളം പേരും എങ്ങോട്ടെങ്കിലും തനിയെ ഇറങ്ങിപ്പോകാൻ സാധ്യതയുള്ളവരാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. പാർക്കറുടെ മരണം തങ്ങളെ ഏറെ വേദനിപ്പിച്ചുവെന്ന് വ്യക്തമാക്കിയ മന്ത്രി ഇലനോർ ഓൾസ്സെവ്സ്കി, കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ആലോചിച്ച് അടിയന്തര ആശയവിനിമയ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് അറിയിച്ചു.