ഫിഫയുടെ തലപ്പത്ത് മാറ്റങ്ങൾക്ക് സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോകകപ്പ് മത്സരങ്ങളുടെ വാണിജ്യ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള നിലവിലെ പ്രസിഡൻ്റ് ജിയാനി ഇൻഫൻ്റീനോയുടെ വിവാദ പദ്ധതിയെച്ചൊല്ലി ശക്തമായ എതിർപ്പാണ് ഉയർന്നിരിക്കുന്നത്. പദ്ധതി നടപ്പിലാക്കിയാൽ ഫിഫ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഇൻഫൻ്റീനോയ്ക്ക് പദവിയിൽ തുടരാൻ സാധിക്കില്ലെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
ഈ പശ്ചാത്തലത്തിലാണ് വടക്കേ അമേരിക്കൻ, മധ്യ അമേരിക്കൻ, കരീബിയൻ ഫുട്ബോൾ കൂട്ടായ്മയായ 'കോൺകാകാഫ്' (CONCACAF) പ്രസിഡൻ്റ് വിക്ടർ മോണ്ടഗ്ലിയാനി അടുത്ത പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഇൻഫൻ്റീനോയ്‌ക്കെതിരെ മത്സരിക്കാൻ ഒരുങ്ങുന്നത്. അടുത്ത വർഷം മാർച്ചിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ 60-കാരനായ മോണ്ടഗ്ലിയാനി മത്സരരംഗത്തുണ്ടാകുമെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ പത്ത് വർഷമായി കോൺകാകാഫ് പ്രസിഡൻ്റായി സേവനമനുഷ്ഠിക്കുന്ന ഈ കനേഡിയൻ വ്യവസായിക്ക് വിവിധ ഫുട്ബോൾ കോൺഫെഡറേഷനുകളുടെ പിന്തുണ ലഭിച്ചേക്കുമെന്നാണ് സൂചന.
മുൻപ് കനേഡിയൻ സോക്കർ അസോസിയേഷൻ അധ്യക്ഷനായിരുന്ന മോണ്ടഗ്ലിയാനി, കനേഡിയൻ പ്രീമിയർ ലീഗ് രൂപീകരിക്കുന്നതിലും 2026 ഫിഫ ലോകകപ്പിന് കാനഡ ആതിഥേയത്വം വഹിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെക്കുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇൻഫൻ്റീനോയുടെ വിവാദ നയങ്ങൾക്കെതിരെ കോൺകാകാഫും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും (AFC) ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അലക്സാണ്ടർ ചെഫെറിൻ, നാസർ അൽ-ഖെലൈഫി, ദാരിയൂസ് മിയോദുസ്കി എന്നിവരാണ് ഇൻഫന്റീനോയ്ക്ക് വെല്ലുവിളിയാകാൻ സാധ്യതയുള്ള മറ്റ് പ്രമുഖർ.