കുട്ടികളുമൊത്തുള്ള ഇരുചക്രവാഹനയാത്ര സുരക്ഷിതമാക്കുന്നതിനായി ഗതാഗത നിയമങ്ങളില്‍ മാറ്റവുമായി കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച പുതിയ കരട് സര്‍ക്കാര്‍ പുറത്തിറക്കി. ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ കുട്ടികള്‍ ബിഐഎസ് മാനദണ്ഡമനുസരിച്ചുള്ള ഹെല്‍മറ്റ് ധരിക്കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. വണ്ടിയോടിക്കുന്ന ആളുമായി കുട്ടികളെ സുരക്ഷിതമായി ബന്ധിപ്പിക്കുന്നതിന് നിശ്ചിത മാനദണ്ഡത്തിലുള്ള ബെല്‍റ്റ് ഉപയോഗിക്കണമെന്നും കുട്ടികളുമായുള്ള യാത്ര നാല്‍പ്പത് കിലോമീറ്റര്‍ വേഗതയില്‍ കൂടരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. നാല് വയസുവരെയുള്ള കുട്ടികള്‍ക്ക് നിയമം ബാധകമാകും.
2016ലെ സുരക്ഷ മാര്‍ഗനിര്‍ദേശം അനുസരിച്ചുള്ള ബിഐഎസ് ഹെല്‍മെറ്റ് ആണ് കുട്ടികള്‍ ധരിക്കേണ്ടത്. സൈക്കിള്‍ യാത്രയ്ക്ക് ഉപയോഗിക്കുന്ന ഇതേ ഗുണനിലവാരമുള്ള ഹെല്‍മെറ്റും ഉപയോഗിക്കാം. വാഹനം ഓടിക്കുന്നആളെയും പുറകിലിരിക്കുന്ന കുട്ടിയെയും ബന്ധിപ്പിക്കുന്ന ബെല്‍റ്റ് നിര്‍ബന്ധമാണ്. നൈലോണ്‍ കൊണ്ട് നിര്‍മ്മിച്ചതും ഗുണനിലവാരമുള്ളതും വാട്ടര്‍പ്രൂഫും ആയിരിക്കണം ബെല്‍റ്റുകള്‍. 30കിലോ വരെ താങ്ങാനുള്ള ശേഷി ബെല്‍റ്റിന് ഉണ്ടായിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഒരുവര്‍ഷത്തിനകം നിയമം പ്രാബല്യത്തില്‍ വരും. പുതിയ ക്രമീകരണങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഒരുവര്‍ഷത്തെ സമയപരിധി.
Content Highlights: safety harness mandatory for children on motorcycles