പൊതുപരീക്ഷാ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി. ബില്‍ ഇതോടെ നിയമമായി. ലോക്‌സഭയിലും രാജ്യസഭയിലും ശബ്ദ വോട്ടോടെയായിരുന്നു ബില്ല് പാസായിരുന്നത്. പരീക്ഷാ ക്രമക്കേടുകളില്‍ അന്വേഷണങ്ങള്‍ വേഗത്തിലാക്കുകയും സമയബന്ധിത വിചാരണ ഉറപ്പാക്കുകയുമാണ് നിമയത്തിന്റെ ലക്ഷ്യം. ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പരീക്ഷാ തട്ടിപ്പിലും ഉള്‍പ്പെട്ടവര്‍ക്കെതിരെ കൂടുതല്‍ കര്‍ശന ശിക്ഷ ഉറപ്പാക്കും.
നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി ആവശ്യമായ സാഹചര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാനുള്ള അധികാരം ലഭിക്കും. നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിലെ അന്വേഷണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണം. കുറ്റപത്രം സമര്‍പ്പിച്ച തീയതി മുതല്‍ മൂന്ന് മാസത്തിനകം, പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ ദിവസേന വിചാരണ നടത്തി കേസ് തീര്‍പ്പാക്കണം.
പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളുടെ വിധികള്‍ക്കെതിരായ അപ്പീലുകള്‍ ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ച് പരിഗണിക്കുകയും, അപ്പീല്‍ സ്വീകരിച്ച ശേഷം മൂന്ന് മാസത്തിനകം തീര്‍പ്പാക്കുകയും വേണം.