മലയാളി പുരുഷന്‍ നേരിടുന്ന ആധുനിക പ്രതിസന്ധികള്‍: സ്ത്രീശാക്തീകരണവും യഥാര്‍ത്ഥ തുല്യതയും

By: 600002 On: Aug 1, 2026, 9:03 AM



ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്

'സ്ത്രീകള്‍ അബലകളാണ്' എന്ന പഴഞ്ചന്‍ സങ്കല്‍പത്തിന് കാലം മാറ്റം വരുത്തിയിട്ട് ഏറെ നാളുകളായി. എന്നാല്‍ ഇന്ന്, പഴയ പുരുഷമേധാവിത്വത്തിന്റെ സ്ഥാനത്ത് പുരുഷന്മാര്‍ നിസ്സഹായരാക്കപ്പെടുന്ന ഒരു അവസ്ഥ സംജാതമാകുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മലയാളികളായ പുരുഷന്മാര്‍ ഈ മാറ്റങ്ങളെ വെറുമൊരു നിശബ്ദ കാഴ്ചക്കാരനായി ആസ്വദിക്കുകയാണോ അതോ അതിന് ഇരയാകുകയാണോ?

പുരാണങ്ങളും സ്മൃതികളും: സ്ത്രീയുടെ പദവി

സ്ത്രീകള്‍ അബലകളാണെന്ന സങ്കല്പം ഭാരതീയ പുരാണങ്ങള്‍ക്കോ വൈദിക തത്ത്വചിന്തയ്‌ക്കോ ചേര്‍ന്നതല്ല. പ്രപഞ്ചനിലനില്‍പ്പിന് ഹേതുവായ ആദിപരാശക്തിയായും, രാജസദസ്സുകളില്‍ അറിവുകൊണ്ട് ആധിപത്യം സ്ഥാപിച്ച പണ്ഡിതകളായും, നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയ ഇതിഹാസ നായികമായാുമാണ് പുരാണങ്ങള്‍ സ്ത്രീയെ അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മധ്യകാലഘട്ടത്തില്‍ രൂപപ്പെട്ട പുരുഷാധിപത്യ വ്യവസ്ഥകളും സ്മൃതിവചനങ്ങളുമാണ് സ്ത്രീയെ 'അബല' എന്ന ചട്ടക്കൂടിലേക്ക് ഒതുക്കിയത്.

മനുസ്മൃതിയുടെ ഒരു ഭാഗത്ത് 'യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ' (എവിടെയാണോ സ്ത്രീകള്‍ ബഹുമാനിക്കപ്പെടുന്നത്, അവിടെ ദേവതമാര്‍ ആനന്ദിക്കുന്നു) എന്ന് പുകഴ്ത്തുമ്പോള്‍ തന്നെ, മറുഭാഗത്ത് സ്ത്രീ സ്വന്തമായി സ്വാതന്ത്ര്യം അനുഭവിക്കാന്‍ അര്‍ഹയല്ലെന്നും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പുരുഷന്റെ സംരക്ഷണയിലായിരിക്കണമെന്നും വിധിക്കുന്നു. വൈദികകാലത്തെ സ്വാതന്ത്ര്യത്തില്‍ നിന്ന് സ്മൃതികാലത്തെ അധീനതയിലേക്കുള്ള ഈ മാറ്റമാണ് സ്ത്രീകളെ 'അബലകള്‍' എന്ന തെറ്റായ അച്ചുതണ്ടിലേക്ക് തള്ളിവിട്ടത്.

ആധുനിക സമൂഹത്തിലെ വിരോധാഭാസങ്ങള്‍

ഇന്നത്തെ മലയാളി പൊതുസമൂഹത്തില്‍ സ്ത്രീകള്‍ വിദ്യാഭ്യാസത്തിലും ഭരണനേതൃത്വത്തിലും മുന്നേറുമ്പോഴും, ഗാര്‍ഹിക പീഡനങ്ങളും തൊഴിലിട ചൂഷണങ്ങളും അനുഭവിക്കേണ്ടി വരുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇതിന്റെ മറുവശത്ത്, 'അബലാ' പരിവേഷം ദുരുപയോഗം ചെയ്തുകൊണ്ട് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ എണ്ണവും വര്‍ദ്ധിച്ചുവരുന്നു.

ഇതിനെല്ലാം ഇടയിലായി സ്വന്തം വായ് തുറക്കാനോ, സത്യം വിളിച്ചുപറയാനോ അവസരം നിഷേധിക്കപ്പെടുന്ന ''പാവം മലയാളി അബലന്മാര്‍''!

ഒന്നും ധരിച്ചിട്ടില്ലെന്ന് തോന്നിക്കുന്ന രീതിയില്‍, ''കെയര്‍ഫുളി കെയര്‍ലെസ് ' വേഷമിട്ടു നടക്കുന്നവരെ സൂക്ഷിച്ചു നോക്കിപ്പോയാല്‍, അവര്‍ക്ക് പിടിച്ചില്ലെങ്കില്‍ പരസ്യമായി നോക്കിയവനെ അവഹേളിക്കാനോ, ഒത്താല്‍ പൊലീസ്‌കേസില്‍ കുടുക്കാനോ തത്രപ്പെടുന്ന കുറെ പരിഷ്‌കാരികള്‍;
സത്യം പറഞ്ഞാല്‍ മലയാളി പുരുഷന്മാരുടെ ഗതികേട് ആരറിയുന്നു?. അവന് ജോലി കിട്ടാന്‍ സാധ്യത കുറവ്, ജോലി കിട്ടിയാലോ സ്ത്രീമേധാവിയെങ്കില്‍, പരസ്യമായി കുറ്റപ്പെടുത്തുന്ന സ്ത്രീകളുടെ ട്രെന്‍ഡ്, അവനെ നിസഹായനാക്കുന്നു.

ലഹരിമരുന്ന് ശൃംഖലകളില്‍ കണ്ണികളാകുന്ന അധ്യാപികമാര്‍, കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ വധിക്കുന്ന നവവധുക്കള്‍, വ്യക്തികളെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിപ്പ് നടത്തുന്നവര്‍ എന്നിവരുടെ വാര്‍ത്തകള്‍ ഇന്ന് നിത്യസംഭവമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍, പലപ്പോഴും സത്യം തുറന്നുപറയാനോ സ്വയം പ്രതിരോധിക്കാനോ സാധിക്കാതെ 'പാവം മലയാളി പുരുഷന്മാര്‍' നിസ്സഹായരായി മാറുന്നു.

തൊഴില്‍ രംഗത്തെ കടുത്ത മത്സരം, ചിലപ്പോഴൊക്കെ നേരിടേണ്ടി വരുന്ന വ്യാജ ആരോപണങ്ങള്‍, പൊതുസ്ഥലങ്ങളിലെ അവഹേളനങ്ങള്‍ എന്നിവയൊക്കെ പുരുഷന്റെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കുന്നു.

പുരുഷന്മാര്‍ നേരിടുന്ന നീതിനിഷേധവും മാനസിക സംഘര്‍ഷങ്ങളും സമൂഹത്തില്‍ പലപ്പോഴും അവഗണിക്കപ്പെടുന്നു. കുടുംബപരവും സാമൂഹികവുമായ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ പുരുഷന്റെ കണ്ണീരും വേദനയും ചോദ്യം ചെയ്യപ്പെടാതെ പോകുന്നത് വലിയൊരു സാമൂഹിക അസമത്വമാണ്. 

നിയമപരമായി ലഭിക്കേണ്ട തുല്യ പരിഗണന പലപ്പോഴും ലിംഗവ്യത്യാസത്തിന്റെ പേരില്‍ പുരുഷന്മാര്‍ക്ക് നിഷേധിക്കപ്പെടുന്നു.

'കരയാന്‍ പാടില്ലാത്തവന്‍' എന്ന സമൂഹത്തിന്റെ തെറ്റായ കാഴ്ചപ്പാട് പുരുഷന്റെ സ്വാഭാവിക വികാരങ്ങളെ പോലും ചോദ്യം ചെയ്യുന്നു.

സൗജന്യ പദ്ധതികളും അസന്തുലിതാവസ്ഥയും

ഉദാഹരണമായി, സമീപകാലത്ത് നടപ്പിലാക്കിയ പ്രിയദര്‍ശിനി സീറോ ഫെയര്‍ (സൗജന്യ) ബസ് യാത്രയും പെണ്‍കുട്ടികള്‍ക്കുള്ള സാമ്പത്തിക സഹായങ്ങളും ഒരു വിഭാഗത്തിന് ആശ്വാസമാണെങ്കിലും, ഇതിന്റെ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നിര്‍ണ്ണയിച്ച നിബന്ധനകളില്ലാതെ ആനുകൂല്യം നല്‍കുമ്പോള്‍, നല്ല വേതനം വാങ്ങുന്ന ഉദ്യോഗസ്ഥരായ സ്ത്രീകള്‍ പോലും ഈ സൗജന്യം കൈപ്പറ്റുന്നു.

വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള സാര്‍വത്രിക സൗജന്യങ്ങള്‍ക്ക് പകരം, ആജഘ കാര്‍ഡ് ഉടമകള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്കും മാത്രം ഈ ആനുകൂല്യം പരിമിതപ്പെടുത്തിയിരുന്നെങ്കില്‍ അത് കൂടുതല്‍ ന്യായയുക്തമാകുമായിരുന്നു. അല്ലാത്തപക്ഷം, ടിക്കറ്റ് നിരക്കും നികുതിയും കൃത്യമായി നല്‍കുന്ന സാധാരണക്കാരനായ പുരുഷന് ഇത് അധിക ഭാരമായി മാറുന്നു.

എന്റെ ഒരേ ഒരു ചോദ്യം?

മലയാളി പുരുഷ്‌കേസരികള്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരുന്നത്?
അവനു മാസ്സപ്പടിയില്ല, വണ്ടിയില്‍ കയറിയാല്‍ കാശ് കൊടുത്ത് ടിക്കറ്റ് വാങ്ങണം, വാക് ശരങ്ങളും ഇടിയും തുപ്പും ഡിസ്‌ക്രിമിനേഷനും മാത്രം മിച്ചം!

ഉപസംഹാരം

സ്ത്രീയുടെ സ്വാതന്ത്ര്യവും അന്തസ്സും അംഗീകരിക്കപ്പെടണം എന്നതില്‍ സംശയമില്ല. എന്നാല്‍ അര്‍ദ്ധനാരീശ്വര സങ്കല്പം മുന്നോട്ടുവെക്കുന്ന പരസ്പര പൂരകമായ സമത്വമാണ് സമൂഹത്തിന് ആവശ്യം. പുരുഷന്റെയും അന്തസ്സും അവകാശങ്ങളും അംഗീകരിക്കപ്പെടുകയും, തുല്യ ബഹുമാനത്തോടെ പരസ്പരം കണ്ടുകൊണ്ട് മുന്നേറുകയും ചെയ്യുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ സാംസ്‌കാരിക പുരോഗതി കൈവരിക്കാനാകൂ.