മുതിര്‍ന്ന ജീവനക്കാരുടെ ആരോഗ്യച്ചെലവ് ഇനി കമ്പനികള്‍ വഹിക്കണം; ആല്‍ബര്‍ട്ടയില്‍ ഒക്ടോബര്‍ 1 മുതല്‍ പുതിയ നയം  

By: 600002 On: Aug 1, 2026, 8:58 AM


 

പ്രസാദ് തീയാടിക്കല്‍

എഡ്മന്റണ്‍: ആല്‍ബര്‍ട്ടയില്‍ 65 വയസും അതില്‍ കൂടുതലുമുള്ള സജീവ ജീവനക്കാര്‍ക്ക് (active employees) ലഭിക്കുന്ന ആരോഗ്യ ആനുകൂല്യങ്ങളില്‍ നിര്‍ണായക മാറ്റവുമായി പ്രവിശ്യാ സര്‍ക്കാര്‍. 2026 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമപ്രകാരം, പ്രായത്തിന്റെ പേരില്‍ ജീവനക്കാരുടെ മരുന്ന്, വിപുലമായ ആരോഗ്യപരിരക്ഷ (extended health benefits) എന്നിവ കമ്പനികള്‍ക്ക് അവസാനിപ്പിക്കാനോ കുറയ്ക്കാനോ ഇനി കഴിയില്ല.

ഇതോടൊപ്പം, ഇതുവരെ പല ആരോഗ്യചെലവുകളും ആദ്യം വഹിച്ചിരുന്ന സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പകരം, തൊഴിലുടമകളുടെ സ്വകാര്യ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതികളായിരിക്കും ആദ്യം ചെലവ് വഹിക്കേണ്ടത്. സര്‍ക്കാര്‍ പദ്ധതികള്‍ ഇനി 'payer of last resort' എന്ന നിലയില്‍, സ്വകാര്യ ഇന്‍ഷുറന്‍സ് പര്യാപ്തമല്ലാത്ത സാഹചര്യങ്ങളില്‍ മാത്രമേ ശേഷിക്കുന്ന ചെലവുകള്‍ ഏറ്റെടുക്കൂ.

ഈ മാറ്റം മൂലം തൊഴിലുടമകളുടെ ആരോഗ്യബെനിഫിറ്റ് ചെലവ് വര്‍ധിക്കാനിടയുണ്ടെന്നാണ് ഇന്‍ഷുറന്‍സ് മേഖലയിലെ വിലയിരുത്തല്‍. ചില കണക്കുകള്‍ പ്രകാരം ആരോഗ്യ-മരുന്ന് ക്ലെയിമുകളില്‍ 2 മുതല്‍ 5 ശതമാനം വരെ വര്‍ധനവുണ്ടാകാമെന്നാണ് വിലയിരുത്തുന്നത്.