മാറിയ ചിന്തകളും പുതിയ ദിശാബോധവും: അമേരിക്കന്‍ മലയാളി സംഘടനകള്‍ തിരുത്തേണ്ട വഴികള്‍

By: 600002 On: Aug 1, 2026, 8:24 AM

 

സണ്ണി മാളിയേക്കല്‍ (ഡാളസ്)

അമേരിക്കന്‍ ഐക്യനാടുകളിലേക്കുള്ള മലയാളി കുടിയേറ്റത്തിന് ആറുപതിറ്റാണ്ടിലേറെ പഴക്കമുണ്ട്. എഴുപതുകളിലും എണ്‍പതുകളിലും നഴ്‌സിംഗ് മേഖലയിലൂടെ തുറന്നുകിട്ടിയ വാതിലുകളിലൂടെ അമേരിക്കയിലേക്ക് ഒഴുകിയെത്തിയ ഒരു തലമുറ, അധ്വാനവും കഠിനശ്രമവും കൊണ്ട് ഒരു വലിയ സമൂഹത്തെ ഇവിടെ കെട്ടിപ്പടുത്തു. കുടുംബങ്ങളെയും ബന്ധുക്കളെയും കൊണ്ടുവന്നുകൊണ്ട് ഇമിഗ്രേഷന്‍ സിസ്റ്റത്തിലെ വിവിധ പ്രിഫറന്‍സുകള്‍ ഉപയോഗിച്ച് പടര്‍ന്നുപന്തലിച്ചതാണ് ഇന്നത്തെ അമേരിക്കന്‍ മലയാളി ചരിത്രം.

പള്ളികളും പ്രാദേശിക അസോസിയേഷനുകളും തണലൊരുക്കിയ ഈ വളര്‍ച്ചയില്‍ നിന്നാണ് ഫോക്കാനയും പിന്നീട് അതില്‍ നിന്നുള്ള ആശയഭിന്നതകള്‍ കാരണം ഫോമയും ഉദയം ചെയ്യുന്നത്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുന്ന പ്രൗഢഗംഭീരമായ കണ്‍വെന്‍ഷനുകളും, നാട്ടില്‍ നിന്നുള്ള വിശിഷ്ടാതിഥികളും, അതിനേക്കാളേറെ ചൂടേറിയ സംഘടനാ തെരഞ്ഞെടുപ്പുകളുമാണ് ഇവിടുത്തെ മലയാളി ജീവിതത്തിന്റെ പ്രധാന ആകര്‍ഷണങ്ങളായി മാറിയത്.

പക്ഷേ, ഈ സംഘടനാ സംസ്‌കാരത്തില്‍ ഇന്നും നിഴലിച്ചുനില്‍ക്കുന്ന ഒരു വലിയ പോരായ്മയുണ്ട്. കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ ശൈലി പോലെ നിറപ്പകിട്ടാര്‍ന്ന വാഗ്ദാനങ്ങള്‍ നല്‍കി ആളുകളെ ആകര്‍ഷിക്കാം എന്ന ചിന്താഗതിയാണിത്. തങ്ങള്‍ ജീവിക്കുന്ന വികസിത രാജ്യത്തെ നിയമവ്യവസ്ഥകളെയും ഭരണസംവിധാനങ്ങളെയും, കൃത്യമായ ഇമിഗ്രേഷന്‍ രീതികളെയും തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നതില്‍ പല സംഘടനാ നേതാക്കളും പരാജയപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

പദവികള്‍ സ്വന്തമാക്കാനും, വിവിധ സംഘടനകളുടെ അധ്യക്ഷ സ്ഥാനങ്ങളില്‍ മാറിമാറി ഇരിക്കാനുമുള്ള നെട്ടോട്ടത്തില്‍ പ്രസ്ഥാനങ്ങളുടെ 'ആത്മാവ്' നഷ്ടപ്പെടുന്നു. ഉദാഹരണത്തിന്, മാധ്യമ പ്രവര്‍ത്തനത്തിനോ അല്ലെങ്കില്‍ സംഘടനാ പ്രവര്‍ത്തനത്തിനോ ഒരു നിശ്ചിത നിലവാരവും അന്തസ്സത്തയുമുണ്ട്. അതിനെ കൃത്യമായ ലക്ഷ്യബോധത്തോടെയോ ക്രിയാത്മകമായ രൂപരേഖയോടെയോ സമീപിക്കാതെ, വെറുമൊരു സ്ഥാനമാനമായി കാണുന്ന ശൈലി ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.

ഹൂസ്റ്റണില്‍ സമാപിച്ച ഫോമ തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ ഈ മാറ്റത്തിന്റെ വ്യക്തമായ സൂചനയാണ്. കേവലം പാനലുകള്‍ ഉണ്ടാക്കി, പരമ്പരാഗതമായ രീതികളില്‍ വോട്ട് പിടിക്കാമെന്ന പ്രതീക്ഷകള്‍ തെറ്റിയതും അവര്‍ക്ക് നേരിടേണ്ടിവന്ന പരാജയവും വ്യക്തമാക്കുന്നത് ഒന്നുമാത്രമാണ്: അമേരിക്കന്‍ മലയാളി സമൂഹം പഴയ ചിന്താഗതികളില്‍ നിന്നും ഒരുപാട് മുന്നോട്ടുപോയിരിക്കുന്നു.

പഴയകാല പ്രത്യയശാസ്ത്ര വാദങ്ങളോ, ഏതെങ്കിലും ഒരു ആശയത്തില്‍ തളച്ചിട്ട ചിന്തകളോ അല്ല ഇന്നത്തെ ജനങ്ങള്‍ക്ക് ആവശ്യം. തങ്ങളെ നയിക്കുന്നവരില്‍ അവര്‍ പ്രതീക്ഷിക്കുന്നത്:

വെറും വാഗ്ദാനങ്ങളല്ല, കാര്യങ്ങള്‍ തുറന്നുപറയാനും സത്യസന്ധമായി നയിക്കാനുമുള്ള മനസ്സ്.

പ്രസ്ഥാനങ്ങളെ കേവലം ഒരു ആഘോഷവേദി എന്നതിനപ്പുറം രണ്ടാം തലമുറയ്ക്കും ഇവിടുത്തെ സമൂഹത്തിനും ഉപകാരപ്പെടുന്ന രീതിയില്‍ മുന്നോട്ട് നയിക്കാനുള്ള വ്യക്തമായ പ്ലാന്‍.

കാലത്തിനനുസരിച്ച് ഉയര്‍ന്നുവരുന്ന വിഷയങ്ങളെ പ്രതിരോധിക്കാനും, അമേരിക്കന്‍ വ്യവസ്ഥിതിയോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കാനുമുള്ള പ്രാപ്തി.

തോറ്റവര്‍ക്ക് നിരാശയോ ദുഃഖമോ ഉണ്ടാകാം, അത് സ്വാഭാവികമാണ്. എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ മനസ്സിലാക്കേണ്ട വലിയൊരു ഉത്തരവാദിത്തമുണ്ട്. ഈ വിജയം കേവലം ഒരു വ്യക്തിയുടെയോ പാനലിന്റെയോ ജയമല്ല; മറിച്ച്, കൂടുതല്‍ നല്ലൊരു മാറ്റത്തിന് വേണ്ടി ജനങ്ങള്‍ നല്‍കിയ മാന്‍ഡേറ്റാണ്.

വിജയിച്ച നേതൃത്വം പഴയ തെറ്റുകള്‍ ആവര്‍ത്തിക്കരുത്. വെറുമൊരു രണ്ട് വര്‍ഷത്തെ 'മാമാങ്കം' നടത്തി മടങ്ങുന്നതിന് പകരം, പുതിയ തലമുറയെ സംഘടനകളിലേക്ക് ആകര്‍ഷിക്കാനും, നിയമപരവും സാമുദായികവുമായ കാര്യങ്ങളില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് കൃത്യമായ തണലാകാനും ഭരണസമിതിക്ക് കഴിയണം.

ആശയപരമായി മാറിയ ചിന്തകളോടെ, കൂടുതല്‍ ജനാധിപത്യപരമായി, ആത്മാര്‍ത്ഥതയോടെ മുന്നോട്ട് പോയാല്‍ മാത്രമേ വരുംകാലങ്ങളില്‍ ഇത്തരം മലയാളി സംഘടനകള്‍ക്ക് ഇവിടെ പ്രസക്തിയുള്ളൂ. ഹൂസ്റ്റണിലെ വിധി എഴുത്ത് ആ നല്ല മാറ്റത്തിന്റെ പുതിയൊരു തുടക്കമാകട്ടെ!

ഫോമയും ഫോക്കാനയും അവകാശപ്പെടാറുണ്ട്, തങ്ങളോടൊപ്പം നൂറിലേറെ പ്രാദേശിക അമേരിക്കന്‍ മലയാളി സംഘടനകള്‍ ഉണ്ടെന്ന്. 'സംഘടനകളുടെ സംഘടന' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇരുകൂട്ടരോടും ഇവിടുത്തെ മലയാളി സമൂഹം കൂടെയുള്ള ആ അഫിലിയേറ്റഡ് സംഘടനകളുടെ കൃത്യമായ ലിസ്റ്റ് ചോദിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. അതൊന്ന് എന്നെങ്കിലും സുതാര്യമായി പബ്ലിഷ് ചെയ്യുമെന്ന പ്രതീക്ഷയോടെ ചുരുക്കുന്നു.