'മഹാഓണ'ത്തിന് ടൊറന്റോയില്‍ സാംസ്‌കാരിക ഘോഷയാത്ര

By: 600002 On: Aug 1, 2026, 8:14 AM


 
ടൊറന്റോ: മഹാഓണത്തിനൊപ്പം ചേരാന്‍ മലയാളി സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കുമെല്ലാം അവസരം. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷമായി മാറിയ ലെവിറ്റേറ്റ് എന്റര്‍ടെയ്ന്‍മെന്റ് 'മഹാഓണ'ത്തിന് പിന്തുണയേകാന്‍ താല്‍പര്യമുള്ളവര്‍ക്ക് കമ്യൂണിറ്റി പാര്‍ട്ണര്‍മാരാകാനും. ആഴ്ചകള്‍ക്കു മുന്‍പ് മറ്റൊരു സംരംഭമായ ഗ്‌ളോബല്‍ ഫെസ്റ്റ് വിജയകരമായി നടപ്പാക്കാനായതിന്റെ ആവേശത്തിലാണ് മഹാഓണത്തിന്റെ പിന്നണിക്കാര്‍. 
 
കമ്യൂണിറ്റി പാര്‍ട്ണര്‍മാരാകുന്നതിനു പുറമെ, സാംസ്‌കാരിക ഘോഷയാത്രയില്‍ പങ്കെടുക്കാനും സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്.  ഓഗസ്റ്റ് 15 ശനിയാഴ്ച ടൊറോന്റോയിലെ സങ്കോഫ സ്‌ക്വയറില്‍ നടക്കുന്ന മഹാഓണത്തിന്റെ പൊതുസമ്മേളനത്തിന് മുന്നോടിയായാണ് സാംസ്‌കാരിക ഘോഷയാത്ര നടക്കും. 

കേരളനാടിന്റെയും ഓണാഘോഷത്തിന്റെയും തനിമയില്‍ അണിഞ്ഞൊരുങ്ങി ഇറങ്ങുന്നവരിലെ മികച്ച ടീമിനെ കാത്തിരിക്കുന്നത് 666.66 ഡോളറാണ്. മികച്ച രണ്ടാമത്തെ ടീമിന് 333.33 ഡോളറും മൂന്നാമത്തെ ടീമിന് 111.11 ഡോളറുമാണ് സമ്മാനം നല്‍കുകയെന്ന് മുഖ്യസംഘാടകന്‍ ജെറിന്‍ രാജ് അറിയിച്ചു.
 
പത്ത് പേരടങ്ങുന്നതാകണം ടീം. സംഘടനകള്‍ക്കും ക്ലബുകള്‍ക്കും കോളജുകള്‍ക്കും സൗഹൃദ കൂട്ടായ്മകള്‍ക്കുമെല്ലാം ബാനറില്‍ പങ്കെടുക്കാം. ഇതുസംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.  കഴിഞ്ഞതവണ സാംസ്‌കാരിക ഘോഷയാത്രയില്‍ പങ്കെടുത്ത ടീമുകള്‍ ഒന്നിനൊന്ന മെച്ചമായാണ് വേദിയില്‍ അണിനിരന്നത്. 
 
വടക്കന്‍ അമേരിക്കയിലെ ഏറ്റവും വലിയ ദക്ഷിണേന്ത്യന്‍ ആഘോഷങ്ങളിലൊന്നായി മാറിക്കഴിഞ്ഞ 'മഹാഓണം' ഇത്തവണ വിപുലമായ രീതിയിലാണ് നടത്തുക. ടൊറന്റോ സിറ്റിയുടെ കണക്കുകള്‍പ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും നഗരം കണ്ട ഏറ്റവും വലിയ പരിപാടികളിലൊന്നായിരുന്നു മഹാഓണം.  ഇത്തവണ മിസ് കേളം കാനഡ സൗന്ദര്യമല്‍സരമുള്‍പ്പെടെയുള്ള പരിപാടികളും ഒപ്പം നടക്കും. കൂടുതല്‍ പരിപാടികള്‍ അണിയറിയില്‍ ഒരുങ്ങുന്നുണ്ട്. കൂടുതല്‍ വിഭവങ്ങള്‍ ഒരുക്കുന്നതിനാല്‍ മുപ്പതിനായിരത്തിലേറെ പേര്‍ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. 
 
മഹാഓണത്തിന് പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പിനും ബന്ധപ്പെടേണ്ട നമ്പര്‍: +1 (647) 7813743 ഇമെയില്‍: contact@levitateinc.ca.