മുല്ലപ്പരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തും 

By: 600007 On: Oct 26, 2021, 7:01 PM

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയില്‍ നിര്‍ത്താമെന്ന് തമിഴ്‌നാട് സമ്മതിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്താനായിരുന്നു കേരളം ആവശ്യപ്പെട്ടത്. തമിഴ്‌നാടിന്റെ ആവശ്യം 142 അടിയായി ഉയര്‍ത്തണമെന്നായിരുന്നു. ഒടുവില്‍ ജലനിരപ്പ് 138 അടിയിലെത്തിയാല്‍ സ്പില്‍വേ വഴി ജലമൊഴുക്കി വിടാന്‍ തീരുമാനിച്ചു.  

നിലവില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ലഭിച്ചാല്‍ ജലനിരപ്പ് ഉയരും. കേരളത്തില്‍ തുലാവര്‍ഷം ആരംഭിക്കുന്നതോടെ ജലനിരപ്പ് ഇനിയുമുയരും. മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കിയിലേക്ക് ജലം ഒഴുക്കിക്കളയാന്‍ നിലവില്‍ സാധിക്കില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ കൂടുതല്‍ ജലം ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്‌നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു. യോഗ തീരുമാനങ്ങള്‍ സുപ്രീം കോടതിയെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.


Content Highlights: Tamilnadu and kerala came to the decision that the water level of mullaperiyar dam set to 138 feet