ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: ആവേശത്തിമിര്‍പ്പിന്റെ പോര്‍ക്കളത്തില്‍ കാരിരുമ്പിന്റെ കരുത്തുമായി കാലുറപ്പിച്ച് കമ്പക്കയറില്‍ സിംഹഗര്‍ജനത്തോടെ ആഞ്ഞുവലിച്ച് ആയിരങ്ങളുടെ ആവേശമായിമാറിയ കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ, ടെക്സസ് ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ലബ്ബിന്റെ (ടിസാക്ക്) അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ചാമ്പ്യന്‍മാരായി.
മെയ്ക്കരുത്തും മനക്കരുത്തും സ്വന്തമാക്കിയ ഗ്ലാഡിയേറ്റേഴ്സ് കാനഡ റണ്ണറപ്പായി ട്രോഫി ഉയര്‍ത്തി. കായികശേഷി പരീക്ഷിച്ച് മൂന്നാം സ്ഥാനം കോട്ടയം ബ്രദര്‍സ് കാനഡ ബ്ലാക്ക് ടീമാണ് സ്വന്തമാക്കിയത്. നാലാം സ്ഥാനത്ത് തോടുകന്‍സ് ന്യൂയോര്‍ക് കിംഗ്‌സ് ടീം നേടി .
ജൂലൈ 25 നു ശനിയാഴ്ച ശനിയാഴ്ച രാവിലെ രാവിലെ മുതല്‍ വൈകുന്നേരം 10 മണി വരെ ഫോര്‍ട്ബെന്‍ഡ് കൗണ്ടി എപ്പിസെന്ററിലായിരുന്നു മല്ലന്‍മാര്‍ ചേരിതിരിഞ്ഞ് ചുവടുറപ്പിച്ച് താളത്തിനൊത്ത് കയറില്‍ പിടിമുറുക്കിയ വടംവലിയുടെ പെരുംപോരാട്ടം അരങ്ങേറിയത്. ഏതാണ്ട് ആറായിരത്തിലധികം കാണികള്‍ സാക്ഷ്യം വഹിച്ച ടിസാക്കിന്റെ ഈ അഞ്ചാം സീസണ്‍ മല്‍സരം അമേരിക്കന്‍ മലയാളി സമൂഹത്തില്‍ കായികാഭിനിവേശത്തിന്റെ വേറിട്ട ചരിത്രമെഴുതി.
എരിയുന്ന കനലില്‍ കാരിരുമ്പിട്ട് വെട്ടി കൊത്തുപണിയിലൂടെ കടഞ്ഞെടുത്ത ഉരുക്ക് മുഷ്ഠിയും അടിപതറാത്ത പാദച്ചുവടുകളുമായി ശ്വാസമടക്കിപ്പിടിച്ചിരുന്ന കാണികള്‍ക്ക് ആവേശത്തിന്റെ പൂരക്കാഴ്ചയാണ് കായിക കേരളത്തിന്റെ പോരാട്ടങ്ങള്‍ക്ക് അമേരിക്കന്‍ മണ്ണില്‍ ആസ്ഥാനമുറപ്പിച്ച ടിസാക്ക് സമ്മാനിച്ചത്.
വനിതാ വിഭാഗത്തില്‍ ആഹാ ഡാര്‍ലിംഗ്‌സ് ഒന്നാമതെത്തി. രണ്ടാം സ്ഥാനം ഹൂസ്റ്റണ്‍ വാരിയേഴ്സ് മൂന്നാം സ്ഥാനം ഡാളസ് ക്യുന്‍സും കരസ്ഥമാക്കി. ഹെവി വെറ്റ് കാറ്റഗറിയില്‍ ഹ്യൂസ്റ്റണ്‍ ടൈഗേഴ്‌സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മുഖ്യ സ്‌പോണ്‍സര്‍ ധനാനി ഗ്രൂപ്പ് എം.ഡി ധനാനിയും പരിപാടിയില്‍ പങ്കെടുത്തു. കൂടാതെ മിസോറി സിറ്റി മേയര്‍ റോബിന്‍ ജെ എലക്കാട്ടും ആശംസകള്‍ നേര്‍ന്നു. ഗ്രൂപ്പ് ഡാന്‍സുകള്‍, ഹൂസ്റ്റണിലെ പ്രമുഖ ഗായകര്‍ പാടിയ അടിപൊളി പാട്ടുകള്‍ തുടങ്ങിയുവ മത്സരത്തിന്റെ ഇടവേളകള്‍ക്ക് മികവ് നല്‍കി രാത്രീ 9 മണിയോടെ ഹൂസ്റ്റണ്‍ കായിക സമൂഹത്തിന്റെ വലിയ പിന്തുണയോടെ മത്സരങ്ങള്‍ വിജയകരമായി സമാപിച്ചു.
മേയര്‍ റോബിന്‍ ഇലക്കാട്ട് അഡൈ്വസറി ചെയര്‍മാനായുള്ള കമ്മറ്റിയാണ് വടംവലി മത്സരത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചത്. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഡോ. സക്കറിയ തോമസ്, പ്രസിഡന്റ് ഡാനി വി രാജു, സെക്രട്ടറി മാത്യൂസ് കറുകക്കളം, ട്രഷറര്‍ റിമല്‍ തോമസ്, പി.ആര്‍.ഒ സിബു ടോം , വൈസ് പ്രസിഡന്റ് മാത്യു ചിറപ്പുറത്തു, ജോയിന്റ് സെക്രട്ടറി പ്രിന്‍സ് പോള്‍ , ജോയിന്റ് ട്രഷറര്‍ ജോസഫ് കൈതമറ്റം സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഫിലിപ്പ് ചോരത്ത് , ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ചാക്കോച്ചന്‍ മേടയില്‍, ലൂക്ക് കിഴക്കേപ്പുറത്ത്, പ്രബിട് വെള്ളിയാന്‍ തുടങ്ങിയവര്‍ മത്സരങ്ങളുടെ ചുക്കാന്‍ പിടിച്ചു.
മുന്‍ പിആര്‍ഒ ജിജു കുളങ്ങര, ഹൂസ്റ്റണിലെ പ്രമുഖ എംസിമാരായ സുബിന്‍ ബാലകൃഷ്ണന്‍, അമ്പിളി ആന്റണി എന്നിവര്‍ അന്നൗണ്‍സ്മെന്റ് സെക്ഷനെ സമ്പന്നമാക്കി. സിജില്‍ വലിയവീട്ടിലിന്റെ തത്സമയ അവതരണം വടംവലിയെ ആവേശം കൊള്ളിച്ച് കായിക പ്രേമികളുടെ നിറഞ്ഞ കൈയടി നേടി. ഡിജെ വല്ലാടന്‍ ലൈവ് കായിക പ്രേമികളുടെ പ്രശംസ പിടിച്ചു പറ്റി.