പി പി ചെറിയാന്‍
ജോര്‍ജിയ: ജോര്‍ജിയയിലുള്ള സ്‌കൂളില്‍ 14-കാരനായ മകന്‍ നടത്തിയ കൂട്ടവെടിവെപ്പുമായി ബന്ധപ്പെട്ട് പിതാവ് കോളിന്‍ ഗ്രേയ്ക്ക് (55) കോടതി 15 വര്‍ഷം തടവുശിക്ഷ വിധിച്ചു. 2024 സെപ്റ്റംബറില്‍ 'അപലാച്ചി ഹൈസ്‌കൂളില്‍' നടന്ന ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടിരുന്നു.
മകന് അക്രമവാസനയുണ്ടെന്ന് ബോധ്യമുണ്ടായിട്ടും അവന് തോക്ക് വാങ്ങി നല്‍കുകയും സുരക്ഷിതമായി സൂക്ഷിക്കാതിരിക്കുകയും ചെയ്തതിനാണ് പിതാവിനെതിരെ രണ്ടാം ഡിഗ്രി കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ശിക്ഷിച്ചത്. അക്രമം നടത്തിയ മകന്‍ കോള്‍ട്ട് ഗ്രേയ്ക്ക് (16) ദിവസങ്ങള്‍ക്ക് മുന്‍പ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
കുട്ടികള്‍ നടത്തുന്ന കൂട്ടക്കൊലപാതകങ്ങളില്‍ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കുന്ന അമേരിക്കയിലെ അപൂര്‍വം സംഭവങ്ങളിലൊന്നാണിത്. മകന് വ്യക്തമായ മാനസിക അസ്വസ്ഥതകളും മുന്നറിയിപ്പുകളും ഉണ്ടായിരുന്നിട്ടും അത് അവഗണിച്ചതാണ് പിതാവിനെ കുറ്റക്കാരനാക്കിയത്.