വിന്നിപെഗിൽ മസ്ജിദിന് നേരെ വെടിവെയ്പ്പും അക്രമവും ഉണ്ടായ സംഭവത്തിൽ പ്രാദേശിക മുസ്ലിം സമൂഹത്തിനിടയിൽ ആശങ്ക . ബുധനാഴ്ച രാത്രി വാട്ട് സ്ട്രീറ്റിലുള്ള റഹ്മ ഇസ്ലാമിക് സെൻ്ററിന് നേരെയാണ് ആക്രമണം നടന്നത്. വാഹനം ഓടിച്ചുപോയ സംഘം മസ്ജിദിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് കാൽനടയായത്തിയ രണ്ടുപേർ മൂർച്ചയില്ലാത്ത ആയുധങ്ങൾ ഉപയോഗിച്ച് കെട്ടിടത്തിൻ്റെ ജനൽച്ചില്ലുകൾ അടിച്ചുതകർത്തു. അക്രമത്തിന് മുൻപ് ഇവർ പള്ളിയിലുണ്ടായിരുന്നവർക്ക് നേരെ വംശീയ അധിക്ഷേപം നടത്തിയതായും വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും കെട്ടിടത്തിന്റെ ജനലുകളിൽ വെടിയുണ്ട പതിച്ച പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
അക്രമത്തെ തുടർന്ന് വിന്നിപെഗിലെ മുസ്ലിം സമൂഹം വലിയ ആശങ്കയിലാണ്. സുരക്ഷിതമായി പ്രാർത്ഥിക്കാനും ഒത്തുചേരാനുമുള്ള സമാധാന അന്തരീക്ഷമാണ് ഇത്തരം ഭിന്നത പരത്തുന്ന സംഭവങ്ങളിലൂടെ തകരുന്നത് എന്ന് റഹ്മ ഇസ്ലാമിക് സെൻ്റർ ഇമാമും ഡയറക്ടറുമായ ഫൈസൽ ആദം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. മുൻപ് ക്യുബെക് സിറ്റിയിലുണ്ടായ ആക്രമണം ഉൾപ്പെടെ കാനഡയിൽ വർദ്ധിച്ചുവരുന്ന ഇസ്ലാമോഫോബിയ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ, സ്വന്തം നഗരത്തിലും ഇത്തരം അനിഷ്ട സംഭവങ്ങൾ നടക്കുന്നത് കടുത്ത അമർഷത്തിനും ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ടെന്ന് ഇസ്ലാമിക് സെൻ്റർ ഭാരവാഹികൾ കൂട്ടിചേർത്തു.
സംഭവത്തിൽ വിന്നിപെഗ് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വർഗ്ഗീയ വിദ്വേഷം മുൻനിർത്തിയുള്ള കുറ്റകൃത്യമായി കണക്കാക്കിയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. വിന്നിപെഗിലെ ജനങ്ങൾക്കിടയിൽ വിദ്വേഷത്തിന് സ്ഥാനമില്ലെന്നും അക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും മാനിറ്റോബ സംസ്കാരിക മന്ത്രി നെല്ലി കെന്നഡി വ്യക്തമാക്കി. സംഭവത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണിയും വിന്നിപെഗ് മേയർ സ്കോട്ട് ഗില്ലിങ്ഹാമും കടുത്ത ആശങ്ക രേഖപ്പെടുത്തുകയും ഇത്തരം ആക്രമണങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.