ടൊറൻ്റോയിൽ ഈ വർഷത്തെ ആദ്യ വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

By: 600110 On: Jul 31, 2026, 1:20 PM

ടൊറൻ്റോയിൽ ഈ വർഷത്തെ ആദ്യ വെസ്റ്റ് നൈൽ വൈറസ് ബാധ മനുഷ്യരിൽ സ്ഥിരീകരിച്ചതായി ടൊറൻ്റോ പബ്ലിക് ഹെൽത്ത്. നഗരവാസിയായ മുതിർന്ന വ്യക്തിക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതൻ്റെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ടൊറൻ്റോ, വിൻഡ്സർ-എസെക്സ്, ബെല്ലെവില്ലെ, യോർക്ക്, ഹാൽട്ടൺ എന്നീ  മേഖലകളിൽ നിന്നും ശേഖരിച്ച കൊതുകു സാമ്പിളുകളിൽ വൈറസിൻ്റെ സാന്നിധ്യം മുൻപ് തന്നെ കണ്ടെത്തിയിരുന്നു.

വൈറസ് ബാധയുള്ള കൊതുകുകളുടെ കടിയിലൂടെയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്.  കൊതുകിൻ്റെ കടിയേറ്റ് രണ്ട് മുതൽ 14 ദിവസത്തിനകം പനി, തലവേദന, ഓക്കാനം, ഛർദ്ദി, ശരീരവേദന, ചർമ്മത്തിലുണ്ടാകുന്ന പാടുകൾ, തുടങ്ങിയവയാണ് ലക്ഷണങ്ങൾ. പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞ വ്യക്തികളിലും രോഗബാധ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. മിക്കവരിലും ലക്ഷണങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ശമിക്കാറുണ്ടെങ്കിലും, വളരെ ചെറിയൊരു ശതമാനം ആളുകളിൽ നാഡീവ്യൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്ന്  വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വേനൽക്കാലത്ത് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് സാധാരണയാണെങ്കിലും, പൊതുജനങ്ങൾ അത്യാവശ്യ മുൻകരുതലുകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു. പുറത്തിറങ്ങുമ്പോൾ ശരീരം പൂർണമായി മറയ്ക്കുന്ന ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, കൊതുക് നിവാരിണികൾ ഉപയോഗിക്കുക, വാതിലുകളിലും ജനലുകളിലും നെറ്റുകൾ ഘടിപ്പിക്കുക എന്നിവ രോഗ പ്രതിരോധത്തിന് അനിവാര്യമാണ്. കൂടാതെ, കൊതുകുകളുടെ പ്രജനനം തടയുന്നതിനായി വീടുകൾക്ക് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.