പി പി ചെറിയാന്‍
വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടത്തിന്റെ മെഡിക്കെയ്ഡ് (Medicaid) തൊഴില്‍ നിര്‍ബന്ധമാക്കുന്ന നിയമത്തിലെ ചില വ്യവസ്ഥകള്‍ താല്‍ക്കാലികമായി തടയണമെന്ന് ആവശ്യപ്പെട്ട് 25 സംസ്ഥാനങ്ങളും വാഷിംഗ്ടണ്‍ ഡി.സിയും നല്‍കിയ ഹര്‍ജി ഫെഡറല്‍ കോടതി തള്ളി. യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജി റിച്ചാര്‍ഡ് സ്റ്റേണ്‍സ് ആണ് ഉത്തരവിട്ടത്.
നിയമം നടപ്പിലാക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് നികത്താനാവാത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പുതിയ സംവിധാനം സജ്ജമാക്കാനുള്ള ചെലവിന്റെ 90 ശതമാനവും കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം, കേസിലെ പ്രധാന വാദങ്ങളിന്മേല്‍ കോടതി അന്തിമ തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. 2027 ജനുവരി 1-ഓടെ നിയമം നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളതിനാല്‍, അതിന് മുന്‍പായി കേസില്‍ വേഗത്തില്‍ വിചാരണ നടത്തി അന്തിമ വിധി പ്രസ്താവിക്കാനാണ് കോടതിയുടെ തീരുമാനം.