അപകടത്തിൽ ഏക മകനെ നഷ്ടപ്പെട്ട വേദനയിൽ മാതാപിതാക്കൾ

By: 600110 On: Jul 31, 2026, 1:15 PM

 


അപകടത്തിൽ ഏക മകനെ നഷ്ടപ്പെട്ട നടുക്കത്തിൽ നിന്നും റെസ്വാന മുനീർ ഇസ്ലാമും റിയാദ് ഉൽ മുനീറും ഇനിയും മുക്തമായിട്ടില്ല. സെൻ്റ് ജോൺസിൽ നടന്ന വാഹനാപകടത്തിലാണ് ഇവർക്ക് മകൻ സഫീർ മുനീറിൻ്റെ ജീവൻ നഷ്ടപ്പെട്ടത്. അമ്മയോടൊപ്പം നടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ സഫീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

സഫീറിൻ്റെ മരണം റെസ്വാനയ്ക്കും റിയാദിനും ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായി. “എൻ്റെ മകൻ എപ്പോഴും എൻ്റെ ഹൃദയത്തിൽ തന്നെ ഉണ്ടാകും,”കണ്ണീരോടെ പറയുകയാണ് റെസ്വാന. പുതിയൊരു ജീവിതം തുടങ്ങുകയെന്ന ലക്ഷ്യത്തോടെ ഒരു വർഷം മുമ്പാണ് ബംഗ്ലാദേശിൽ നിന്ന് കുടുംബം സെൻ്റ് ജോൺസിലേക്ക് കുടിയേറിയത്. എന്നാൽ, ഏക മകനെ നഷ്ടപ്പെട്ടതോടെ, ആ സ്വപ്നങ്ങൾ എല്ലാം തകർന്നു. മകനെ നഷ്ടപ്പെട്ടതോടെ, ജീവിതം ഇനിയെങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നറിയാതെ വിതുമ്പുകയാണ് മാതാപിതാക്കളായ റെസ്വാനയും റിയാദും. സഫീറിനെ നഷ്ടപ്പെട്ട വേദനയിലാണ് സഹോദരി സുനൈറയും. 

അപകടത്തിന് കാരണക്കാരനായ ടൈലർ ഡേയെ പോലീസ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തിനെതിരെ മദ്യപിച്ച് വാഹനമോടിച്ച് മരണം ഉണ്ടാക്കിയതിനും, അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതിനും ക്രിമിനൽ അനാസ്ഥയ്ക്കും കേസെടുത്തിട്ടുണ്ട്. സഫീറിൻ്റെ സംസ്കാരം വ്യാഴാഴ്ച ടോർബേയിലെ മുസ്ലിം ശ്മശാനത്തിൽ നടക്കും.