കാനഡയിലെ പ്രമുഖ വിമാനക്കമ്പനിയായ വെസ്റ്റ്ജെറ്റിലെ നാലായിരത്തിലധികം വരുന്ന ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ 72 മണിക്കൂർ പണിമുടക്ക് നോട്ടീസ് നൽകിയതോടെ രാജ്യത്തെ വ്യോമഗതാഗത രംഗത്ത് വൻ പ്രതിസന്ധിക്ക് കളമൊരുങ്ങി. ജീവനക്കാരുടെ യൂണിയനായ 'സീ-യു-പി-ഇ' പണിമുടക്ക് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെ കമ്പനി മാനേജ്‌മെൻ്റ് ലോക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഓഗസ്റ്റ് രണ്ട് അർദ്ധരാത്രിക്ക് മുൻപായി കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ വിമാന സർവീസുകൾ പൂർണ്ണമായി തടസ്സപ്പെടും. നിലവിൽ വിമാന സർവീസുകൾ സാധാരണ നിലയിൽ തുടരുന്നുണ്ടെങ്കിലും, യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇരുവിഭാഗവും തീവ്രമായ ചർച്ചകൾ നടത്തിവരികയാണ്.
ഫ്ലൈറ്റ് അറ്റൻഡൻ്റുമാർക്ക് വേതനം നൽകുന്ന 'ക്രെഡിറ്റ് അവർ' സിസ്റ്റവും വേതനമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളുമാണ് നിലവിലെ തർക്കത്തിന് പ്രധാന കാരണം. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ന്യായമായ ശമ്പള കരാറിലെത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് യൂണിയൻ പ്രസിഡന്റ് ആലിയ ഹുസൈൻ വ്യക്തമാക്കി. അതേസമയം, വിമാനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും സർവീസുകളുടെ തടസ്സമില്ലാതെ നടത്താനുമാണ് ലോക്കൗട്ട് നോട്ടീസ് നൽകേണ്ടി വന്നതെന്ന് വെസ്റ്റ്ജെറ്റ് സി.ഇ.ഒ അലക്സിസ് വോൺ ഹോയൻസ്ബ്രോച്ച് പ്രതികരിച്ചു. സമരം ഒഴിവാക്കാൻ ഇനിയും സമയമുണ്ടെന്നും ഇരു കൂട്ടരും പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്. ലോങ് വീക്കെൻഡ് യാത്ര ചെയ്യുന്ന യാത്രക്കാർക്കായി വെസ്റ്റ്ജെറ്റ് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ 30 മുതൽ ഓഗസ്റ്റ് നാലു വരെയുള്ള യാത്രകൾക്കായി ബുക്ക് ചെയ്ത ടിക്കറ്റുകൾ അധിക ഫീസില്ലാതെ മാറ്റാനോ റദ്ദാക്കാനോ സൗകര്യമൊരുക്കിയിട്ടുണ്ട്. സമരം മൂലം സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്താൽ ടിക്കറ്റ് തുക തിരികെ നൽകുകയോ അല്ലെങ്കിൽ പകരം വിമാന സൗകര്യം ഏർപ്പെടുത്തുകയോ ചെയ്യുമെന്ന് കമ്പനി അറിയിച്ചു. വിമാനക്കമ്പനി വഴി നേരിട്ട് ടിക്കറ്റെടുത്തവർക്ക് മാറ്റങ്ങൾ ഇമെയിൽ വഴി അറിയിക്കുമെന്നും ഏജൻ്റുകൾ വഴി ബുക്ക് ചെയ്തവർ ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്നും കമ്പനി നിർദ്ദേശിച്ചു.