ഗൂഗിൾ മാപ്സ് ചതിച്ചതിനെ തുടർന്ന് വഴി തെറ്റി അബദ്ധത്തിൽ അതിർത്തി കടന്ന് പ്രശസ്ത ഗോൾഫ് താരം സി വൂ കിം. യു.എസിലെ ഡെട്രോയ്റ്റിൽ നടക്കുന്ന റോക്കറ്റ് ക്ലാസിക് ടൂർണമെന്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രശസ്ത ദക്ഷിണ കൊറിയൻ പ്രൊഫഷണൽ ഗോൾഫ് താരം സി വൂ കിം.
സുഹൃത്തും സഹ ഗോൾഫ് താരവുമായ മൈക്കൽ കിമ്മിനൊപ്പം ഭക്ഷണം കഴിക്കാൻ ഗൂഗിൾ മാപ്സ് നോക്കി റെസ്റ്റോറൻ്റിലേക്ക് കാറോടിച്ചു പോയതായിരുന്നു സി വൂ. യാത്രയ്ക്കിടയിൽ ഒരു ടണൽ വഴിയുള്ള റൂട്ടിലേക്ക് മാപ്സ് വഴിതിരിച്ചുവിട്ടു. ടണൽ അവസാനിച്ചപ്പോഴാണ്ണ് താൻ യു.എസ് അതിർത്തി കടന്ന് കാനഡയിലെത്തിയ വിവരം സി വൂ അറിയുന്നത്!
പാസ്‌പോർട്ട് കയ്യിലില്ലാതിരുന്നതിനാൽ കനേഡിയൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ കാര്യം ബോധ്യപ്പെടുത്താൻ അദ്ദേഹം വളരെ ബുദ്ധിമുട്ടി. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലെ പ്രയാസം കാരണം ഉദ്യോഗസ്ഥർക്ക് അദ്ദേഹത്തെ സംശയം തോന്നുകയും തുടർന്ന് വാഹനം പരിശോധിക്കുകയും ചെയ്തു. പിന്നീട് നാല് തവണ പി.ജി.എ ടൂർ ചാമ്പ്യനായ പ്രശസ്ത താരമാണ് ഇദ്ദേഹമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഉദ്യോഗസ്ഥർ ചിരിച്ചുകൊണ്ട് യാത്രയാക്കിയത്.
"ഈ ഞായറാഴ്ച നിങ്ങൾ ടൂർണമെൻ്റ് ജയിക്കുമോ?" എന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ തമാശയായി ചോദിച്ചപ്പോൾ, "നിങ്ങൾ എന്നെ തിരിച്ചുപോകാൻ അനുവദിച്ചാൽ ജയിക്കാം" എന്നായിരുന്നു സി വൂവിൻ്റെ മറുപടി. സംഭവത്തെ തുടർന്ന് ഒന്നര മണിക്കൂർ വൈകിയാണ് സി വൂവിന് സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ സാധിച്ചത്. ഏതായാലും ഈ അപ്രതീക്ഷിത സംഭവങ്ങളൊന്നും ടൂർണ്ണമെൻ്റിൽ അദ്ദേഹത്തിൻ്റെ പ്രകടനത്തെ ബാധിച്ചില്ല. ടൂർണമെൻ്റിൻ്റെ ആദ്യ ദിനത്തിൽ മികച്ച പ്രകടനമാണ് സി വൂ പുറത്തെടുത്തത്.