കാനഡയിലെ ഏറ്റവും അപകടകരമായ നഗരം ബ്രിട്ടീഷ് കൊളംബിയയിലെ സറി ആണെന്ന് റിപ്പോർട്ട്. ഓസ്‌ട്രേലിയൻ ഗവേഷണ സ്ഥാപനമായ 'കംപെയർ ദി മാർക്കറ്റ്' പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശമുള്ളത്. രാജ്യത്ത് കുറ്റകൃത്യ നിരക്ക് ഏറ്റവും കൂടുതലുള്ള നഗരം സറി ആണെന്നാണ് റിപ്പോർട്ടിലുള്ളത്. അൽബെർട്ടയിലെ ലെത്ബ്രിഡ്ജ്, റെഡ് ഡിയർ എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. ഒൻ്റാരിയോ പ്രവിശ്യയിലെ സഡ്ബറിയാണ് ഏറ്റവും കൂടുതൽ കുറ്റകൃത്യ നിരക്കുള്ള നഗരം. 2019-ന് ശേഷം കുറ്റകൃത്യങ്ങളിൽ വലിയ വർധനവുണ്ടായ ലോക നഗരങ്ങളിൽ ബ്രിട്ടീഷ് കൊളംബിയയിലെ കെലോന എട്ടാം സ്ഥാനത്തെത്തി.
അതേ സമയം കാനഡയിലെ ഏറ്റവും സുരക്ഷിതമായ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് ക്യുബെക് സിറ്റിയാണ് . ഓക്‌വില്ലെ, മർഖാം എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പ്രമുഖ നഗരമായ ടൊറൻ്റോ രാജ്യത്തെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ 12-ാം സ്ഥാനത്താണ്. അബുദാബിയാണ് ലോകത്തിൽ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കുള്ള സുരക്ഷിത നഗരം. അജ്മാൻ (രണ്ടാം സ്ഥാനം), ഷാർജ (മൂന്നാം സ്ഥാനം), ദുബായ് (അഞ്ചാം സ്ഥാനം) എന്നിവയാണ് പട്ടികയിൽ മുന്നിലുള്ള മറ്റ് യു.എ.ഇ നഗരങ്ങൾ. ഖത്തറിലെ ദോഹയാണ് നാലാം സ്ഥാനത്ത്.
ലോകത്ത് കുറ്റകൃത്യ നിരക്ക് ഏറ്റവും കൂടുതലുള്ള അപകടകരമായ നഗരം ദക്ഷിണാഫ്രിക്കയിലെ പീറ്റർമാരിറ്റ്‌സ്ബർഗ് ആണ്. പട്ടികയിലെ ആദ്യ പത്ത് അപകടകരമായ നഗരങ്ങളിൽ അഞ്ചെണ്ണവും ദക്ഷിണാഫ്രിക്കയിലാണ്. പ്രിട്ടോറിയ (ദക്ഷിണാഫ്രിക്ക), കാരക്കാസ് (വെനിസ്വേല) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ആകെ 411 നഗരങ്ങളിലെ വിവരങ്ങൾ വിശകലനം ചെയ്താണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.