ലോഡ് ചെയ്ത പിസ്റ്റൾ വസ്ത്രവ്യാപാരശാലയിൽ മറന്നുവെച്ചു: പീൽ റീജിയണൽ പോലീസിലെ വനിതാ കോൺസ്റ്റബിളിന് 15 ദിവസത്തെ ശമ്പളം പിഴ

By: 600110 On: Jul 31, 2026, 9:04 AM

ലോഡ് ചെയ്ത പിസ്റ്റൾ വസ്ത്രവ്യാപാരശാലയിൽ മറന്നുവെച്ചുത്തിന് പീൽ റീജിയണൽ പോലീസിലെ വനിതാ കോൺസ്റ്റബിളിന് 15 ദിവസത്തെ ശമ്പളം പിഴ. മിസ്സിസ്സാഗയിലെ പ്രമുഖ ഷോപ്പിംഗ് മാളിലെ തുണിക്കടയിൽ തോക്കും വെടിയുണ്ടകളും അടങ്ങിയ ഡ്യൂട്ടി ബെൽറ്റ് മറന്നു വെച്ച സംഭവത്തിലാണ് നടപടി. ബ്രാംപ്റ്റൺ സ്വദേശിയായ സി.പി.സി സാറ യൂസഫ്‌സായി (31) എന്ന ഉദ്യോഗസ്ഥയ്‌ക്കെതിരെയാണ് നടപടി. 

2024 ഡിസംബർ 16-ന് സ്‌ക്വയർ വൺ മാളിലെ 'മാംഗോ' എന്ന വസ്ത്രവ്യാപാരശാലയിലാണ് സംഭവം.  ഡ്യൂട്ടിയിലായിരുന്ന സാറ, ജോലി ആവശ്യങ്ങൾക്കായി വസ്ത്രം മാറിനോക്കുന്നതിനായി ട്രയൽ റൂമിൽ കയറിയതായിരുന്നു. ഈ സമയത്താണ് തോക്കും അഡീഷണൽ വെടിയുണ്ടകളും വിലങ്ങും അടങ്ങിയ തൻ്റെ ഡ്യൂട്ടി ബെൽറ്റ് ഇവർ അഴിച്ചുവെച്ചത്.
ട്രയൽ റൂമിലിരിക്കെ അത്യാവശ്യ ഫോൺകോൾ വന്നതോടെ, ഇവർ ബെൽറ്റെടുക്കാൻ മറന്ന് പുറത്തേക്ക് പോകുകയായിരുന്നു. പിന്നീട് തുണിക്കടയിലെ ജീവനക്കാരനാണ് ട്രയൽ റൂമിൽ നിന്നും തോക്ക് കണ്ടെത്തിയത്. ജീവനക്കാരൻ വിവരം മാൾ സെക്യൂരിറ്റിയെയും തുടർന്ന് പോലീസിനെയും അറിയിച്ചു.

അല്പസമയത്തിനകം കാര്യം മനസ്സിലാക്കിയ സാറ പോലീസിനെയും സെക്യൂരിറ്റിയെയും ബന്ധപ്പെട്ടെങ്കിലും, ആഭ്യന്തര അന്വേഷണ വിഭാഗം കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ജനസാന്ദ്രതയേറിയ പൊതുസ്ഥലത്ത് ആയുധങ്ങൾ ഉത്തരവാദിത്തമില്ലാതെ ഉപേക്ഷിച്ചത് ജനങ്ങൾക്ക് പോലീസിലുള്ള വിശ്വാസ്യത തകർക്കുന്ന നടപടിയാണെന്ന് കോടതി നിരീക്ഷിച്ചു. കുറ്റം സമ്മതിച്ചതിനെ തുടർന്ന് സാറയ്ക്ക് 120 മണിക്കൂറത്തെ (15 ദിവസം) ശമ്പളം പിഴയായി ഈടാക്കുന്ന ശിക്ഷ നൽകുകയായിരുന്നു.