കാനഡയുടെ ഔദ്യോഗിക ടൂറിസം ബോർഡായ 'ഡെസ്റ്റിനേഷൻ കാനഡ'യുടെ തലപ്പത്തേക്ക് മുൻ എൻ.ഡി.പി നേതാവ് ജഗ്മീത് സിംഗ് എത്തിയേക്കുമെന്ന് റിപ്പോർട്ട്. വർഷം തോറും 2,71,700 മുതൽ 3,19,600 കനേഡിയൻ ഡോളർ വരെ അടിസ്ഥാന ശമ്പളവും ബോണസും ലഭിക്കുന്ന ഉന്നത പദവിയിലേക്കാണ് അദ്ദേഹത്തിൻ്റെ പേര് പരിഗണിക്കപ്പെടുന്നത്. മുൻ സി.ഇ.ഒ മാർഷ്യ വാൾഡൻ വിരമിച്ച ഒഴിവിലേക്കാണ് ഈ നിയമനം.
എന്നാൽ, രാഷ്ട്രീയ പശ്ചാത്തലം മാത്രം നോക്കി ജഗ്മീത് സിംഗിനെ ഈ പദവിയിലേക്ക് നിയമിക്കുന്നതിനെതിരെ കടുത്ത വിമർശനവുമായി ടൂറിസം രംഗത്തെ വിദഗ്ധരും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. മുൻപ് ട്രൂഡോ സർക്കാരിനെ നിലനിർത്താൻ എൻ.ഡി.പി നൽകിയ പിന്തുണയ്ക്കുള്ള പ്രതിഫലമാണിതെന്നാണ് വിമർശനം. 2024-ൽ ട്രൂഡോ സർക്കാരിനുള്ള പിന്തുണ ജഗ്മീത് സിംഗ് പിൻവലിച്ചിരുന്നെങ്കിലും, തുടർന്നുനടന്ന തെരഞ്ഞെടുപ്പിൽ എൻ.ഡി.പിയ്ക്ക് വൻ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. സ്വന്തം സീറ്റും ഔദ്യോഗിക പാർട്ടി പദവിയും നഷ്ടപ്പെട്ട ജഗ്മീത് സിംഗിൻ്റെ നിയമനം ടൂറിസം മേഖലയോടുള്ള അവഹേളനമാണെന്ന് കൺസർവേറ്റീവ് ടൂറിസം ക്രിട്ടിക് ടോണി ബാൽഡിനെല്ലി കുറ്റപ്പെടുത്തി.
ടൂറിസം രംഗത്ത് യാതൊരു പരിചയവുമില്ലാത്ത ഒരാളെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ടൂറിസം വൃത്തങ്ങളുടെ പ്രതികരണം. കാനഡയുടെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക സ്വാധീനമുള്ള ഒരു മാർക്കറ്റിംഗ് സ്ഥാപനത്തിൻ്റെ തലപ്പത്തേക്ക് ഈ മേഖലയിൽ യാതൊരു മുൻപരിചയവുമില്ലാത്ത ഒരാൾ കടന്നുവരുന്നത് ഗുണകരമാകില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.