ഡിഎന്‍എ തെളിവ് ലഭിച്ചിട്ടും അധ്യാപകനെ അറസ്റ്റ് ചെയ്യാനാവാതെ പോലീസ്: കാലപരിധി വിനയായി

By: 600002 On: Jul 30, 2026, 6:21 PM



 

പി പി ചെറിയാന്‍

ഷിക്കാഗോ: 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷിക്കാഗോയില്‍ സ്‌കൂള്‍ അധ്യാപകന്റെ ലൈംഗിക അതിക്രമത്തിനിരയായി ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍, അധ്യാപകനാണ് കുട്ടിയുടെ പിതാവെന്ന് ഡിഎന്‍എ  പരിശോധനയില്‍ തെളിഞ്ഞു. എന്നാല്‍ നിയമപരമായ കാലപരിധി കഴിഞ്ഞതിനാല്‍ പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന്  പോലീസ് അറിയിച്ചു.

1970-കളിലും 80-കളിലുമായി ജോണ്‍ ഫാരന്‍ എലിമെന്ററി സ്‌കൂളില്‍ പഠിക്കുമ്പോഴാണ് നാന്‍സി അലക്‌സാണ്ടര്‍ എന്ന വിദ്യാര്‍ത്ഥിനി റിചാര്‍ഡ് നെഫ് എന്ന അധ്യാപകന്റെ പീഡനത്തിനിരയായത്. 15-ാം വയസ്സില്‍ ഗര്‍ഭിണിയായ നാന്‍സി വര്‍ഷങ്ങളോളം ഈ മാനസികാഘാതം ഒറ്റയ്ക്ക് സഹിച്ചു. 

പിന്നീട് നടത്തിയ അന്വേഷണത്തില്‍ അധ്യാപകന്റെ മകളെ കണ്ടെത്തുകയും അവരുടെ ഡിഎന്‍എ സാമ്പിള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ നാന്‍സിയുടെ മകളുടെ പിതാവ് നെഫ് തന്നെയാണെന്ന് 99.79% ഉറപ്പാക്കുകയും ചെയ്തു.

2019-ല്‍ ഇല്ലിനോയ് സംസ്ഥാനം ലൈംഗിക അതിക്രമ കേസുകളിലെ കാലപരിധി നീക്കം ചെയ്‌തെങ്കിലും, 1986-ന് മുന്‍പ് നടന്ന സംഭവങ്ങളില്‍ ഈ നിയമം മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കാന്‍ കഴിയില്ലെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്. ശാസ്ത്രീയമായി കുറ്റം തെളിഞ്ഞിട്ടും, 79-കാരനായ പ്രതി നിയമത്തിന് പുറത്തുനില്‍ക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.