കാനഡയ്ക്കും മെക്‌സിക്കോയ്ക്കും മാത്രം ഗുണം'; CUSMA കരാര്‍ പുതുക്കാന്‍ താത്പര്യമില്ലെന്ന് ട്രംപ്

By: 600002 On: Jul 30, 2026, 6:10 PM



 

പ്രസാദ് തീയാടിക്കല്‍

വാഷിങ്ടണ്‍: കാനഡ-അമേരിക്ക-മെക്‌സിക്കോ സ്വതന്ത്ര വ്യാപാര കരാര്‍ (CUSMA/USMCA) നിലവിലെ രൂപത്തില്‍ പുതുക്കാന്‍ താന്‍ താത്പര്യമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. കരാര്‍ കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമാണ് കൂടുതല്‍ പ്രയോജനപ്പെടുന്നതെന്നും അമേരിക്കയുടെ താല്‍പര്യങ്ങള്‍ കൂടുതല്‍ സംരക്ഷിക്കുന്ന പുതിയ വ്യാപാര ക്രമീകരണമാണ് ആവശ്യമായതെന്നും ട്രംപ് പറഞ്ഞു.

ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. കാനഡയും മെക്‌സിക്കോയും തമ്മിലുള്ള വ്യാപാരബന്ധങ്ങള്‍ പുനഃപരിശോധിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. വാഹന നിര്‍മ്മാണം, സ്റ്റീല്‍, അലുമിനിയം, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അമേരിക്കയ്ക്ക് കൂടുതല്‍ അനുകൂലമായ വ്യവസ്ഥകള്‍ വേണമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.

CUSMA കരാര്‍ ഉടന്‍ അവസാനിക്കുന്നില്ലെങ്കിലും, ട്രംപിന്റെ നിലപാട് വടക്കേ അമേരിക്കന്‍ വ്യാപാരബന്ധങ്ങളില്‍ കൂടുതല്‍ അനിശ്ചിതത്വത്തിന് വഴിവെച്ചിരിക്കുകയാണ്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള തുടര്‍ ചര്‍ച്ചകളുടെ ഫലമാണ് കരാറിന്റെ ഭാവി നിര്‍ണയിക്കുക.