രണ്ടാം ഡോസ് വാക്‌സിനെടുക്കാതെ 11 കോടി പേര്‍

By: 600007 On: Oct 26, 2021, 6:37 PM

ഇന്ത്യയില്‍ സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്‌സിനെടുക്കാതെ 11കോടി പേര്‍. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ യഥേഷ്ടം ലഭ്യമായിരിക്കുമ്പോഴാണ് ജനങ്ങള്‍ വാക്‌സിനെടുക്കാന്‍ വിമുഖത കാണിക്കുന്നത്. ഇതേ തുടര്‍ന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാളവ്യ ബുധനാഴ്ച സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ചു. സമയപരിധി അവസാനിച്ചിട്ടും രണ്ടാം ഡോസ് എടുക്കാത്തവരിലും ഇനിയും ആദ്യ ഡോസ് വാക്‌സിനെടുക്കാത്തവരിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതിനാണ് യോഗം. ഡല്‍ഹി വിജ്ഞാന്‍ ഭവനിലാണ് യോഗം ചേരുക.

കോവിഡ് വാക്‌സിനേഷന്‍ 100 കോടി ഡോസ് പിന്നിട്ടതിന് പിന്നാലെ കാലാവധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവരുടെ എണ്ണം വര്‍ധിച്ചുവരുന്നതിലുള്ള ആശങ്കയാണ് യോഗം വിളിക്കാന്‍ കാരണമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഒക്ടോബര്‍ 21നാണ് രാജ്യം നൂറ് കോടി ഡോസ് വാക്‌സിന്‍ എന്ന നാഴികക്കല്ല് പിന്നിട്ടത്. 75 ശതമാനത്തോളം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 31 ശതമാനത്തോളം പേര്‍ രണ്ടു ഡോസും സ്വീകരിച്ചവരാണ്. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ വിതരണം സംബന്ധിച്ചും ബുധനാഴ്ചത്തെ യോഗത്തില്‍ കേന്ദ്രം ചര്‍ച്ച നടത്തും.

Content Highlights: 11 Crore 2nd Doses Overdue, Worried Centre Calls for Meeting with State Health Ministers Tomorrow