കാൽഗറി സിറ്റി കൗൺസിലിൽ സുതാര്യത ഉറപ്പാക്കാൻ 'ലാബിയിസ്റ്റ് രജിസ്ട്രി'; നിർദ്ദേശം പഠിക്കാൻ ഭരണസമിതിക്ക് അംഗീകാരം

By: 600110 On: Jul 30, 2026, 1:12 PM

 

കാൽഗറി നഗരസഭയുടെ നയരൂപീകരണത്തിലും ഭരണപരമായ തീരുമാനങ്ങളിലും സ്വാധീനം ചെലുത്താൻ ശ്രമിക്കുന്ന സ്വകാര്യ വ്യക്തികളുടെയും സംഘടനകളുടെയും വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി 'ലാബിയിസ്റ്റ് രജിസ്ട്രി' നിലവിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾക്ക് കൽഗറി സിറ്റി കൗൺസിൽ തുടക്കമിട്ടു. മേയർ ജെറോമി ഫാർകാസിൻ്റെ നേതൃത്വത്തിൽ കൗൺസിലർമാർ സംയുക്തമായി സമർപ്പിച്ച പ്രമേയം രണ്ടിനെതിരെ 13 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പാസാക്കിയത്. കാനഡയിലെ മറ്റ് പ്രമുഖ നഗരസഭകളിലെ സമാന സംവിധാനങ്ങൾ പഠിക്കുന്നതിനും, രജിസ്ട്രിയുടെ പ്രായോഗിക ഘടന,  വ്യാപ്തി, സാമ്പത്തിക ബാധ്യതകൾ എന്നിവ വിലയിരുത്തുന്നതിനുമായി സിറ്റി അഡ്മിനിസ്ട്രേഷനെ കൗൺസിൽ ചുമതലപ്പെടുത്തി.

മുൻ സിറ്റി കൗൺസിലിൻ്റെ ചില തീരുമാനങ്ങളുമായി ബന്ധപ്പെട്ട് RCMP  നടത്തുന്ന അന്വേഷണ വിവരങ്ങൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഭരണനടപടികളിൽ സുതാര്യത ഉറപ്പാക്കാനുള്ള നീക്കം ശക്തമായത്. ശതകോടിക്കണക്കിന് ഡോളറിൻ്റെ ബജറ്റും പദ്ധതികളും കൈകാര്യം ചെയ്യുന്ന ഒരു മഹാനഗരമെന്ന നിലയിൽ, നഗരസഭയിലെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് വ്യക്തതയുണ്ടായിരിക്കണമെന്ന് മേയർ ചൂണ്ടിക്കാട്ടി. ഭരണനിർവ്വഹണം പൂർണ്ണമായും തുറന്ന രീതിയിലാക്കാനും പൊതുവിശ്വാസം പുനഃസ്ഥാപിക്കാനും പുതിയ സംവിധാനം അത്യന്താപേക്ഷിതമാണെന്ന് കൗൺസിൽ യോഗത്തിൽ വാദമുയർന്നു.

എന്നാൽ, നിർദ്ദിഷ്ട രജിസ്ട്രി സാധാരണക്കാരായ പൗരന്മാർക്കും പ്രാദേശിക കമ്മ്യൂണിറ്റി അസോസിയേഷനുകൾക്കും ഭരണാധികാരികളെ സമീപിക്കുന്നതിന് തടസ്സമാകുമോ എന്ന് ചില കൗൺസിലർമാർ ആശങ്ക പ്രകടിപ്പിച്ചു. സാധാരണക്കാരായ വോട്ടർമാരെയും പ്രതിഫലം പറ്റി പ്രവർത്തിക്കുന്ന പ്രൊഫഷണൽ ലോബിയിസ്റ്റുകളെയും കൃത്യമായി വേർതിരിക്കാനാണ് ഈ രജിസ്ട്രി സ്ഥാപിക്കുന്നതെന്നും ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഇത് ബാധിക്കില്ലെന്നും മേയർ വ്യക്തത വരുത്തി. നിർദ്ദേശത്തിൻ്റെ വിവിധ വശങ്ങൾ വിശകലനം ചെയ്തുകൊണ്ടുള്ള വിശദമായ റിപ്പോർട്ട് ഈ വർഷം അവസാനത്തോടെ സിറ്റി കൗൺസിലിന്റെ അന്തിമ പരിഗണനയ്ക്കായി സമർപ്പിക്കും.