കുടിയേറ്റ സംവിധാനത്തിൽ സർക്കാർ നിയന്ത്രണം വീണ്ടെടുത്തതായി പ്രധാനമന്ത്രി മാർക്ക് കാർണി

By: 600110 On: Jul 30, 2026, 9:19 AM

കുടിയേറ്റ സംവിധാനത്തിൽ സർക്കാർ നിയന്ത്രണം വീണ്ടെടുത്തതായി പ്രധാനമന്ത്രി മാർക്ക് കാർണി. തൽക്കാലിക വിദേശ തൊഴിലാളികൾ, വിദേശ വിദ്യാർത്ഥികൾ, അഭയാർത്ഥികൾ എന്നിവരുടെ എണ്ണത്തിൽ വൻ കുറവുണ്ടായതായും അദ്ദേഹം പറഞ്ഞു. ആൽബർട്ടയിലെ റെഡ് ഡിയറിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മുൻവർഷങ്ങളെ അപേക്ഷിച്ച് അഭയാർത്ഥികളുടെ എണ്ണത്തിൽ മൂന്നിലൊന്ന് കുറവുണ്ടായി. തൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം പകുതിയോളം കുറഞ്ഞപ്പോൾ, വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ മൂന്നിൽ രണ്ട് ഭാഗത്തിൻ്റെ കുറവും രേഖപ്പെടുത്തി. രാജ്യത്ത് കുടിയേറ്റക്കാരുടെ എണ്ണം ഉയർന്നത് ഭവന മേഖലയെയും വാടക നിരക്കുകളെയും പ്രതികൂലമായി ബാധിച്ചിരുന്നു. ഈ സമ്മർദ്ദം കുറയ്ക്കുന്നതിനായി വരും വർഷങ്ങളിലും കുടിയേറ്റ നിയന്ത്രണം തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.

കാനഡ വിദേശികൾക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടയ്ക്കുകയല്ലെന്നും, മറിച്ച് രാജ്യത്തിൻ്റെ ശേഷിക്കനുസരിച്ച് ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.ംകുടിയേറ്റ വിഷയത്തിൽ ആൽബർട്ടയിൽ നടക്കാനിരിക്കുന്ന റഫറണ്ടത്തെക്കുറിച്ചുള്ള ചോദ്യത്തിന്, സംസ്ഥാനങ്ങളുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി മറുപടി നൽകി.

രാജ്യത്തെ പുതിയ താമസക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതോടൊപ്പം, കുടിയേറ്റത്തിൽ വ്യക്തമായ നിരീക്ഷണം പുലർത്താൻ സർക്കാരിന് സാധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
.............