പ്രസാദ് തീയാടിക്കല്‍
ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയില്‍ ഉണ്ടായ ദാരുണമായ വാഹനാപകടത്തില്‍ ബംഗ്ലാദേശ് സ്വദേശിനിയും യുവ ഡോക്ടറുമായ ഡോ. ആദിതി സാഹ അനന്യ (30) മരണപ്പെട്ടു. റെസിഡന്‍സി പരിശീലനം ആരംഭിച്ച് ആഴ്ചകള്‍ക്കകം സംഭവിച്ച അപകടം കുടുംബത്തെയും സുഹൃത്തുക്കളെയും മെഡിക്കല്‍ സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.
ബ്രാഹ്‌മണ്‍ബാരിയ ജില്ലയിലെ സറായില്‍ സ്വദേശിയായ ബാബുല്‍ സാഹയുടെ ഏകമകളാണ് ഡോ. ആദിതി. ബംഗ്ലാദേശിലെ ഐഡിയല്‍ സ്‌കൂള്‍, കാംബ്രിയന്‍ കോളേജ് എന്നിവിടങ്ങളിലെ പഠനശേഷം ജഹുരുല്‍ ഇസ്ലാം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദം നേടി.
തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം അമേരിക്കയിലെത്തിയ ആദിതി, ഡോക്ടറായി സേവനം ചെയ്യണമെന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഠിനാധ്വാനം നടത്തി. യു.എസ്. മെഡിക്കല്‍ ലൈസന്‍സിംഗ് പരീക്ഷ (USMLE) വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കയിലെ ഒരു ആശുപത്രിയില്‍ ഡോക്ടറായി സേവനമനുഷ്ഠിച്ചു. അടുത്തിടെ ഇന്റേണല്‍ മെഡിസിന്‍ റെസിഡന്‍സി ആരംഭിച്ചതോടെ തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലേക്കാണ് അവര്‍ പ്രവേശിച്ചിരുന്നത്.
എന്നാല്‍ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകാന്‍ തുടങ്ങിയ വേളയിലാണ് ഷിക്കാഗോയില്‍ ഉണ്ടായ വാഹനാപകടം ആ പ്രതീക്ഷകള്‍ക്ക് വിരാമമിട്ടത്.
പ്രതിഭാശാലിയായ ഡോക്ടറെന്നതിലുപരി, സഹൃദയയും കരുണയുള്ള വ്യക്തിയുമായിരുന്ന ആദിതിയുടെ വേര്‍പാട് കുടുംബത്തിനും സുഹൃത്തുകള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശങ്ങളില്‍ പറയുന്നു. രോഗികളെ സേവിക്കാനുള്ള അവരുടെ സമര്‍പ്പണവും ജീവിതത്തിലെ പോരാട്ടവീര്യവും അനേകര്‍ക്ക് എന്നും പ്രചോദനമായിരിക്കുമെന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അനുസ്മരിച്ചു.