ജീമോന്‍ റാന്നി
ഡാലസ്, ടെക്‌സാസ്: വടക്കേ അമേരിക്കയിലെ CSI വിശ്വാസ സമൂഹത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട് 35-ാമത് ഇടക കുടുംബ-യുവജന സമ്മേളനം ഡാലസിലെ ലവ് ഓഫ് ക്രൈസ്റ്റ് CSI ചര്‍ച്ചില്‍ അനുഗ്രഹകരമായി സമാപിച്ചു.
ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നായി 500-ലധികം പ്രതിനിധികളും വിശ്വാസികളും പങ്കെടുത്ത സമ്മേളനം ആത്മീയതയും ചരിത്രനേട്ടവും ഒരുമിച്ചുചേര്‍ന്ന വേദിയായി.
നാല് ദിവസങ്ങളിലായി നടന്ന സമ്മേളനത്തോടനുബന്ധിച്ച് പുതുതായി രൂപീകരിച്ച CSI ഡയസ്‌പോറ ഡയോസിസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആദ്യ ഡയോസിസന്‍ കൗണ്‍സില്‍ ഔദ്യോഗികമായി നിലവില്‍ വന്നത് സമ്മേളനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രനേട്ടമായി.
400-ലധികം പേരുടെ പങ്കാളിത്തത്തോടെ നടന്ന വര്‍ണാഭമായ ഗ്രാന്‍ഡ് പ്രോസഷനോടെയായിരുന്നു സമ്മേളനത്തിന് തുടക്കമായത്. വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ച പതാകകള്‍, സഭാ ബാനറുകള്‍, വൈദികര്‍, യുവജനങ്ങള്‍, കുട്ടികള്‍, കുടുംബങ്ങള്‍ എന്നിവരുടെ സാന്നിധ്യം സമ്മേളനത്തിന് പ്രത്യേക ഭംഗി പകര്‍ന്നു.
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മോഡറേറ്റര്‍ മോസ്റ്റ് റവ. ഡോ. കെ. റൂബന്‍ മാര്‍ക്ക് ഉദ്ഘാടന ആരാധനയ്ക്ക് നേതൃത്വം നല്‍കി. മദ്രാസ്, മലബാര്‍, സെന്‍ട്രല്‍ കര്‍ണാടക, സൗത്ത് കര്‍ണാടക ഡയോസിസുകളിലെ ബിഷപ്പുമാരും ഇന്ത്യയിലെയും വടക്കേ അമേരിക്കയിലെയും വൈദികരും ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ CSI സിനഡ് ജനറല്‍ സെക്രട്ടറി, അഞ്ച് ബിഷപ്പുമാര്‍, എക്യുമെനിക്കല്‍ സഭാ നേതാക്കള്‍, വിശിഷ്ടാതിഥികള്‍ എന്നിവര്‍ സന്നിഹിതരായി. അമേരിക്ക, കാനഡ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ ആലപിച്ചതിനുശേഷം ദീപപ്രജ്വലനത്തോടെ സമ്മേളനം ഔപചാരികമായി ആരംഭിച്ചു.
സമ്മേളനത്തിന്റെ ഔദ്യോഗിക ലോഗോ, 'Grow and Bridge Generations in Christ' എന്ന പ്രമേയം, തീം സോങ്, സുവനീര്‍ എന്നിവ പ്രകാശനം ചെയ്തു. സമ്മേളനത്തിന് പിന്തുണ നല്‍കിയ സ്‌പോണ്‍സര്‍മാരെയും ആദരിച്ചു.
മാര്‍ത്തോമ്മാ സഭ, എപ്പിസ്‌കോപ്പല്‍ സഭ, യുണൈറ്റഡ് മെത്തഡിസ്റ്റ് സഭ എന്നിവയുടെ പ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്നു. ഇര്‍വിംഗ് നഗരത്തിന്റെ പ്രത്യേക അഭിനന്ദന സന്ദേശവും സമ്മേളനത്തില്‍ അവതരിപ്പിച്ചു.
പ്രശസ്ത ഗോസ്പല്‍ ഗായകന്‍ ബ്രദര്‍ ജോളി ജോല്ലി ഏബ്രഹാം, മേഴ്‌സി തോമസ് എന്നിവരുടെ സംഗീതശുശ്രൂഷയും, അന്തര്‍ദേശീയ ക്രൈസ്തവ നേതാവായ ഡോ. സാം ജോര്‍ജിന്റെ യുവജന സന്ദേശവും, റൈറ്റ് റവ. എ. പോള്‍ ഫ്രാന്‍സിസ് രവീചന്ദ്രന്റെ മുഖ്യപ്രഭാഷണവും സമ്മേളനത്തിന് ആത്മീയ ആഴം പകര്‍ന്നു.
സമ്മേളന ദിവസങ്ങളില്‍ ആരാധനകള്‍, ബൈബിള്‍ പഠനങ്ങള്‍, നേതൃത്വ സെമിനാറുകള്‍, യുവജന-ശിശു പരിപാടികള്‍, കായിക മത്സരങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, കൂട്ടായ്മകള്‍ എന്നിവ നടന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ വിശ്വാസികള്‍ ആത്മീയ അനുഭവങ്ങളും സഹോദര്യവും പങ്കുവെച്ചു.
ലവ് ഓഫ് ക്രൈസ്റ്റ് CSI ചര്‍ച്ചിലെ നൂറുകണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍ ഒരുക്കിയ ആതിഥ്യവും സേവനവും സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി മാറി.
അവസാന ദിവസം നടന്ന വിശുദ്ധ കുര്‍ബാനയില്‍ 500-ലധികം വിശ്വാസികള്‍ പങ്കെടുത്തു. വടക്കേ അമേരിക്കയിലെ വിവിധ ഇടക സഭകളില്‍ നിന്നുള്ള ഗായകര്‍ ചേര്‍ന്ന മാസ് ക്വയര്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കി.
സമ്മേളന സമാപന ചടങ്ങില്‍ പതിറ്റാണ്ടുകളായി വടക്കേ അമേരിക്കയില്‍ ഇടക ശുശ്രൂഷയ്ക്കായി പ്രവര്‍ത്തിച്ച മുന്‍ഗാമികളെ ആദരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍, സ്‌പോണ്‍സര്‍മാര്‍, സംഘാടക സമിതി അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെയും അനുമോദിച്ചു.
ആത്മീയ നവോത്ഥാനത്തിനും സഭാ ഐക്യത്തിനും പുതിയ ദിശാബോധം നല്‍കിയ ഈ സമ്മേളനം, വടക്കേ അമേരിക്കയിലെ ഇടക ഡയസ്‌പോറ ഡയോസിസ് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ച ചരിത്ര സമ്മേളനം എന്ന നിലയില്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു.