പി പി ചെറിയാന്‍
ഡാളസ്(ടെക്‌സസ്): ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (CSI) ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ല് കുറിച്ചുകൊണ്ട്, നോര്‍ത്ത് അമേരിക്കയിലെ 35-ാമത് ഇടക ഫാമിലി & യൂത്ത് കോണ്‍ഫറന്‍സും പുതുതായി രൂപീകരിച്ച CSI ഡയാസ്‌പോറ ഡയോസിസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പൂര്‍ണ്ണ ഭരണഘടനാധിഷ്ഠിതമായ പ്രഥമ ഡയോസിസന്‍ കൗണ്‍സിലും പ്രൗഢഗംഭീരമായി സമാപിച്ചു.
ഡാളസിലെ ലവ് ഓഫ് ക്രൈസ്റ്റ് CSI സഭയുടെ ആതിഥേയത്വത്തില്‍ നടന്ന നാല് ദിവസം നീണ്ടുനിന്ന ഈ ചരിത്ര സംഗമത്തില്‍ നോര്‍ത്ത് അമേരിക്ക, ഇന്ത്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം പ്രതിനിധികളും സഭാമേലധ്യക്ഷന്മാരും പങ്കെടുത്തു. 'ക്രിസ്തുവില്‍ തലമുറകളെ വളര്‍ത്തുക, ഒന്നിപ്പിക്കുക' (സങ്കീര്‍ത്തനങ്ങള്‍ 145:4) എന്നതായിരുന്നു കോണ്‍ഫറന്‍സിന്റെ പ്രമേയം.
വര്‍ണ്ണാഭമായ റാലിയും ഉദ്ഘാടന സമ്മേളനവും400-ലധികം ആളുകള്‍ അണിനിരന്ന വര്‍ണ്ണാഭമായ പ്രഘോഷണ ഘോഷയാത്രയോടെയാണ് കോണ്‍ഫറന്‍സിന് തുടക്കമായത്. ബാന്‍ഡ് മേളം, പ്രാദേശിക പതാകകള്‍, സഭാ ബാനറുകള്‍ എന്നിവയുടെ അകമ്പടിയോടെ വൈദികരും യുവജനങ്ങളും കുട്ടികളും കുടുംബങ്ങളും ഒന്നിച്ച് അണിനിരന്നു. തുടര്‍ന്ന് നടന്ന പ്രാരംഭ ആരാധനയ്ക്ക് ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ മോഡറേറ്റര്‍ മോസ്റ്റ് റവ. ഡോ. കെ. റൂബന്‍ മാര്‍ക്ക് നേതൃത്വം നല്‍കി. ഇന്ത്യയില്‍ നിന്നുള്ള നാല് ബിഷപ്പുമാര്‍ ആരാധനയില്‍ സഹകാര്‍മ്മികരായി.
റൈറ്റ് റവ. എ. പോള്‍ ഫ്രാന്‍സിസ് രവിചന്ദ്രന്‍ (മദ്രാസ് മഹായിടവക)റൈറ്റ് റവ. ഡോ. റോയ്‌സ് മനോജ് വിക്ടര്‍ (മലബാര്‍ മഹായിടവക)റൈറ്റ് റവ. ഡോ. വിന്‍സെന്റ് വിനോദ് കുമാര്‍ (സെന്‍ട്രല്‍ കര്‍ണാടക മഹായിടവക)റൈറ്റ് റവ. ഹേമചന്ദ്ര കുമാര്‍ (സൗത്ത് കര്‍ണാടക മഹായിടവക)മഹായിടവക ഭാരവാഹികളും മാര്‍ത്തോമ്മാ, എപ്പിസ്‌കോപ്പല്‍, യുണൈറ്റഡ് മെത്തഡിസ്റ്റ് തുടങ്ങിയ ഇതര സഭാ പ്രതിനിധികളും ഇര്‍വിങ് സിറ്റിയുടെ പ്രതിനിധിയായ മിസ്റ്റര്‍ ആല്‍ബര്‍ട്ട് സി. സപാന്റയും ചേന്ന് പരമ്പരാഗത ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കോണ്‍ഫറന്‍സ് ലോഗോ പ്രകാശനം, തീം സോങ് അവതരണം, സ്മരണിക പ്രകാശനം എന്നിവയും ചടങ്ങില്‍ നടന്നു.പ്രശസ്ത സുവിശേഷ ഗായകന്‍ ബ്രദര്‍ ജോളി അബ്രഹാം, മെഴ്‌സി തോമസ് എന്നിവരുടെ ഗാനസന്ധ്യ ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി.
അന്താരാഷ്ട്ര ക്രിസ്തീയ ചിന്തകനും പ്രഭാഷകനുമായ ഡോ. സാം ജോര്‍ജ് നിര്‍വ്വഹിച്ചു. മുതിര്‍ന്നവരുടെ പ്രഭാഷണം: റൈറ്റ് റവ. എ. പോള്‍ ഫ്രാന്‍സിസ് രവിചന്ദ്രന്‍ സന്ദേശം നല്‍കി. വലിയ എല്‍.ഇ.ഡി ലൈറ്റിംഗ്, ശബ്ദസംവിധാനങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നടന്ന മീറ്റിംഗുകള്‍ക്ക് പുറമെ ബൈബിള്‍ സ്റ്റഡി, സെമിനാറുകള്‍, ചര്‍ച്ചകള്‍, സ്‌പോര്‍ട്‌സ് മത്സരങ്ങള്‍, കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ എന്നിവയും നാല് ദിവസങ്ങളിലായി സംഘടിപ്പിച്ചു.
ഡയാസ്‌പോറ ഡയോസിസിന്റെ ചരിത്രപരമായ തുടക്കംനോര്‍ത്ത് അമേരിക്കയിലുടനീളമുള്ള ഇടക സഭകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച CSI ഡയാസ്‌പോറ ഡയോസിസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആദ്യ കൗണ്‍സില്‍ യോഗം സമ്മേളനത്തിന്റെ ഭാഗമായി ചേര്‍ന്നു. അമേരിക്കയിലും കാനഡയിലുമുള്ള CSI പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കായി പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ച മുന്‍കാല നേതാക്കളെ ചടങ്ങില്‍ ആദരിച്ചു.
അഞ്ചു ബിഷപ്പുമാരുടെയും വൈദികരുടെയും നേതൃത്വത്തില്‍ നടന്ന ദിവ്യബലി ആരാധനയോടെയും, നോര്‍ത്ത് അമേരിക്കയിലെ വിവിധ സഭകളില്‍ നിന്നുള്ള ഗായകര്‍ അണിനിരന്ന മാസ്സ് കൊയറിന്റെ ഗാനാലപനത്തോടെയും കോണ്‍ഫറന്‍സിന്റെ ആത്മീയ സമ്മേളനങ്ങള്‍ സമാപിച്ചു.