അത്യാവശ്യമായി ഒരു ദൈവത്തെ വേണം!

By: 600002 On: Jul 29, 2026, 3:45 PM



 

സണ്ണി മാളിയേക്കല്‍, ഡാളസ്, ടെക്‌സസ്

രാവിലെ ചൂടുചായയും കയ്യിലേന്തി ഉമ്മറത്തെ ചാരുസേരയില്‍ വന്നിരുന്നതായിരുന്നു ഞാന്‍. മനസ്സിനല്പം ശാന്തത നല്‍കാന്‍ ഫോണെടുത്ത് വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ നോക്കാമെന്ന് വെച്ചപ്പോള്‍ ദേ കിടക്കുന്നു ഫോണിന്റെ ഡിസ്‌പ്ലേ തകര്‍ന്നുതരിപ്പണമായി! പോരാത്തതിന് പത്രക്കാരന്‍ പത്രമിട്ടോ എന്ന് വെറുതെ പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ച അയല്‍വക്കത്തെ ദിവാകരന്‍ ചേട്ടന്‍ തന്റെ തിളങ്ങുന്ന പുതിയ ബി.എം.ഡബ്ല്യു കാര്‍ ആര്‍ത്തിയോടെ കഴുകി തിളക്കുന്നു. ഇതൊക്കെ പോരാഞ്ഞ്, ഇന്നലെ രാത്രി മുതല്‍ നടുവില്‍ നിന്ന് ഒരു അസഹ്യമായ വേദന വലിഞ്ഞുമുറുകുന്നുമുണ്ട്.

ഇത്രയും വിനകള്‍ ഒരേ സമയം എന്റെ ജീവിതത്തിലേക്ക് ഇടിച്ചുകയറി വന്നപ്പോള്‍ എനിക്കൊന്നു മാത്രം വ്യക്തമായി മനസ്സിലായി: ഇനി ഈ ജീവിതം മുന്‍പോട്ട് കൊണ്ടുപോകാന്‍ ഒരു സാധാരണ മനുഷ്യന്റെ പരിശ്രമവും കഷ്ടപ്പാടും മാത്രം പോരാ. തക്കതായ സമയത്ത് ഇടപെടലുകള്‍ നടത്താന്‍ സാമര്‍ത്ഥ്യവും നല്ല പ്രവൃത്തിപരിചയവുമുള്ള ശക്തനായ ഒരു ദൈവത്തെത്തന്നെ കൂട്ടുപിടിച്ചാലേ ഇനി കാര്യങ്ങള്‍ക്ക് ഒരു നിവൃത്തിയുള്ളൂ!

അങ്ങനെ, ഒട്ടും സമയം കളയാതെ പത്രത്തിലെ 'വാണ്ടഡ്' (ആവശ്യമുണ്ട്) കോളത്തില്‍ കൊടുക്കാനായി ഞാന്‍ ആ പരസ്യം കടലാസിലേക്ക് പകര്‍ത്തി എഴുതി:

വാണ്ടഡ്: ദൈവത്തെ ആവശ്യമുണ്ട്!
അത്യാവശ്യമായി എനിക്ക് ഒരു ദൈവത്തെ ആവശ്യമുണ്ട്!(ശ്രദ്ധിക്കുക: സ്വയം പ്രഖ്യാപിത ദൈവങ്ങള്‍ ദയവായി ബന്ധപ്പെടാന്‍ ശ്രമിക്കരുത്!)

ലോകയുദ്ധം, താരിഫ്, വിലക്കയറ്റം തുടങ്ങിയ ആഗോള പ്രശ്‌നങ്ങളെക്കുറിച്ചൊന്നും തല്‍ക്കാലം ഞാന്‍ സംസാരിക്കുന്നില്ല. എന്തെങ്കിലും ഒരു കുറുക്കുവഴിയിലൂടെ എന്നെ പെട്ടെന്ന് ഒരു കോടീശ്വരനാക്കണം. ഹോസ്പിറ്റലില്‍ പോകാതെയും ഒരു ലോഡ് ഗുളികകള്‍ വിഴുങ്ങാതെയും ഒറ്റ മിനിറ്റുകൊണ്ട് എന്റെ ഈ കഠിനമായ നടുവേദനയും പ്രഷറും ഷുഗറുമൊക്കെ മാറ്റിത്തരണം.

നിബന്ധന: മുന്‍പ് അനുഗ്രഹം നല്‍കി കാശുകാരും ആരോഗ്യവാന്മാരുമാക്കിയ ഭക്തരുടെ ലിസ്റ്റും അവരുടെ ഫോണ്‍ നമ്പറും (റെഫറന്‍സിനായി മാത്രം) അപേക്ഷയോടൊപ്പം വയ്ക്കണം. സാമ്പത്തികമായി വലിയൊരു പാക്കേജ് തരാന്‍ പറ്റിയ അവസ്ഥയിലല്ല ഞാന്‍ ഇപ്പോള്‍. എങ്കിലും, കാര്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുന്നു എന്ന് കണ്ടാല്‍ അനുസരണയോടുകൂടി അടങ്ങി ഒതുങ്ങി ജീവിച്ചോളാം എന്ന് ഉറപ്പുതരുന്നു. പോരാത്തതിന് ദിവസേനയുള്ള നോയമ്പ്, നൊവേന, വിശുദ്ധ നഗരങ്ങള്‍ സന്ദര്‍ശിക്കുക എന്നിവ ബോണസായി നല്‍കുന്നതുമായിരിക്കും!

പരസ്യം കൃത്യമായി തയ്യാറാക്കി മേശപ്പുറത്തുവെച്ച് ഞാന്‍ വീണ്ടും തണുത്തുതുടങ്ങിയ ചായ കുടിക്കാന്‍ തുടങ്ങി. എന്നാല്‍ ആ നിമിഷം, പെട്ടെന്നാണ് എന്റെ മനസ്സിലേക്ക് ആഴത്തിലുള്ള ഒരു ചിന്ത കടന്നുവന്നത്.

നമ്മളൊക്കെ എന്നും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത് എന്തിനുവേണ്ടിയാണ്? ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഓടിയെത്താനും, നമ്മള്‍ വിരല്‍ ചൂണ്ടുന്ന കാര്യങ്ങള്‍ നോക്കിനിന്നു പെട്ടെന്ന് സാധിച്ചു തരാനും, ഒരു 'പെര്‍സണല്‍ അസിസ്റ്റന്റിനെപ്പോലെ' പണി ചെയ്യാനും അല്ലേ നമ്മള്‍ പലപ്പോഴും ദൈവത്തോട് ആവശ്യപ്പെടുന്നത്?

ആ ചിന്ത മനസ്സിന്റെ അഗാധതയില്‍ തട്ടിയതോടെ, അത്രയും നേരം ഉള്ളില്‍ പുകഞ്ഞിരുന്ന സങ്കടവും നടുവേദനയുടെ അസ്വസ്ഥതയുമെല്ലാം എങ്ങോ മാഞ്ഞുപോയതുപോലെ എനിക്ക് അനുഭവപ്പെട്ടു.

അപ്പോഴാണ് ടേബിളില്‍ ഇരുന്ന ഫോണ്‍ പെട്ടെന്ന് ശബ്ദിച്ചത്. സ്‌ക്രീന്‍ പൊട്ടിയ ഫോണ്‍ പ്രയാസപ്പെട്ട് എടുത്തു നോക്കിയപ്പോള്‍ പ്രിയ സുഹൃത്ത് മേനോന്‍ മാഷ് ആണ്.

'എടാ സണ്ണി,' മറുതലയ്ക്കല്‍ നിന്ന് മേനോന്‍ മാഷിന്റെ സ്‌നേഹം നിറഞ്ഞ ശബ്ദം കേട്ടു. 'നിന്റെ നടുവേദന സര്‍ജറി ഒന്നുമില്ലാതെ മാറ്റിത്തരാന്‍ കഴിവുള്ള ഒരു നല്ല ഡോക്ടറുടെ നമ്പര്‍ എനിക്ക് കിട്ടിയിട്ടുണ്ട്. പിന്നെ, കുരുവിള കാനഡയില്‍ നിന്ന് എത്തുമ്പോഴേക്കും നമുക്ക് വീണ്ടും വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോയിത്തുടങ്ങാം...'

ഫോണ്‍ വെച്ചപ്പോള്‍ എനിക്ക് വലിയൊരു തിരിച്ചറിവുണ്ടായി. ആകാശത്തുനിന്ന് പെട്ടെന്ന് നോട്ടുമഴ പെയ്യിക്കുന്ന അതീന്ദ്രിയനായ ഒരു ദൈവത്തേക്കാള്‍, നമുക്ക് ചുറ്റുമുള്ള സാധാരണ മനുഷ്യരിലൂടെ ചെറിയ കരുതലും ആശ്വാസവും സ്‌നേഹവുമായി കടന്നുവരുന്ന ദൈവീകതയ്ക്കല്ലേ ഏറേ ഭംഗിയുള്ളത്! മനസ്സില്‍ പെട്ടെന്ന് കലാഭവന്‍ ആബേലച്ചന്റെ ആ വരികള്‍ ഓര്‍മ്മവന്നു:

'അവസാനമെന്നിലേയ്ക്ക് ഞാന്‍ തിരിഞ്ഞു...
ഹൃദയത്തിലേയ്ക്കു ഞാന്‍ കടന്നു...
അവിടെയാണീശ്വരന്റെ വാസം,
സ്‌നേഹമാണീശ്വരന്റെ രൂപം!'

എന്തായാലും, മേശപ്പുറത്തിരുന്ന ആ പരസ്യക്കടലാസ് ഞാന്‍ പത്ര ഓഫീസിലേക്ക് അയച്ചുകൊടുത്തില്ല. പകരം, സ്വന്തം ഹൃദയത്തെയും പ്രാര്‍ത്ഥനകളെയും കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന ചെറിയൊരു കുറിപ്പായി എന്റെ ഡയറിയുടെ താളുകള്‍ക്കിടയില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചു!