ന്യൂയോര്‍ക്ക് സന്ദര്‍ശിക്കാന്‍ ഇനി കൂടുതല്‍ ലാഭം; കനേഡിയന്‍ യാത്രക്കാര്‍ക്ക് പ്രത്യേക ഇളവുകള്‍

By: 600002 On: Jul 29, 2026, 3:24 PM



 

പ്രസാദ് തീയാടിക്കല്‍

ന്യൂയോര്‍ക്ക്: കനേഡിയന്‍ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി ന്യൂയോര്‍ക്ക് സിറ്റി ടൂറിസം + കണ്‍വെന്‍ഷന്‍സ് പുതിയ 'NYC's Northern Neighbour Deal' എന്ന പ്രത്യേക യാത്രാ പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 7 വരെ പങ്കെടുക്കുന്ന 85-ലധികം ഹോട്ടലുകള്‍, ബ്രോഡ്വേ ഷോകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മ്യൂസിയങ്ങള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ 30 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.

ഈ ഓഫറിനായുള്ള ബുക്കിംഗ് ഓഗസ്റ്റ് 4 മുതല്‍ ആരംഭിക്കും. കനേഡിയന്‍ ഡോളറിന്റെയും യു.എസ്. ഡോളറിന്റെയും വിനിമയ നിരക്കിന്റെ ആഘാതം കുറയ്ക്കാനും കൂടുതല്‍ കനേഡിയന്‍ സന്ദര്‍ശകരെ ന്യൂയോര്‍ക്കിലേക്ക് ആകര്‍ഷിക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം.

അതോടൊപ്പം Porter Airlines കാനഡയില്‍ നിന്ന് ന്യൂയോര്‍ക്ക് നഗരത്തിലേക്കുള്ള യാത്രകള്‍ക്ക് 20 ശതമാനം വരെ വിമാനക്കൂലി ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 7-നകം ബുക്ക് ചെയ്യുന്നവര്‍ക്ക് ഡിസംബര്‍ 15 വരെ യാത്രകള്‍ക്ക് ഈ ഓഫര്‍ ലഭ്യമാകും.

ന്യൂയോര്‍ക്ക് സിറ്റി ടൂറിസം + കണ്‍വെന്‍ഷന്‍സ് പ്രസിഡന്റ് & സിഇഒ ജൂലി കോക്കര്‍ പറഞ്ഞു: കാനഡ ന്യൂയോര്‍ക്ക് നഗരത്തിന്റെ രണ്ടാമത്തെ വലിയ അന്താരാഷ്ട്ര സന്ദര്‍ശക വിപണിയാണെന്നും, ഈ പദ്ധതി ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ വ്യാപാരം ലഭിക്കാന്‍ സഹായിക്കുമെന്നും.

2026-ല്‍ 8 ലക്ഷത്തിലധികം കനേഡിയന്‍ സന്ദര്‍ശകര്‍ ന്യൂയോര്‍ക്ക് സിറ്റിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3.1 ശതമാനം വര്‍ധനവാണ്.

ഓഫറില്‍ പങ്കെടുക്കുന്നവരില്‍ പ്രമുഖ ഹോട്ടലുകള്‍, Empire State Building Observation Deck, Edge, Intrepid Museum, City Cruises, New York Yankees ടൂര്‍, നിരവധി ബ്രോഡ്വേ ഷോകള്‍, പ്രമുഖ റെസ്റ്റോറന്റുകള്‍ എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്.