ബ്രിട്ടീഷ് കൊളംബിയയിൽ ഒക്ടോബർ 17-ന് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിദേശ ശക്തികളുടെ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന് സറേ മുൻ മേയറും സ്ഥാനാർത്ഥിയുമായ ഡഗ് മക്കല്ലം ആരോപിച്ചു. മക്കല്ലത്തിൻ്റെ നേതൃത്വത്തിലുള്ള 'സേഫ് സറേ കോയലിഷൻ' നടത്തിയ വാർത്താസമ്മേളനത്തിലാണ്, വോട്ടിംഗിനെ സ്വാധീനിക്കാൻ ലക്ഷ്യമിട്ട് വിദേശത്തുനിന്ന് നിയന്ത്രിക്കപ്പെടുന്ന വ്യാജ ഡിജിറ്റൽ നെറ്റ്‌വർക്കുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന ഗുരുതര വെളിപ്പെടുത്തൽ നടത്തിയത്. സറേ, ഡെൽറ്റ, വാൻകൂവർ എന്നീ നഗരങ്ങളിലെ പ്രാദേശിക വാർത്താ മാധ്യമങ്ങൾ എന്ന വ്യാജേന ഫെയ്‌സ്ബുക്ക്, ടിക്‌ടോക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കേന്ദ്രീകരിച്ചാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടക്കുന്നത് എന്ന് പാർട്ടി ആരോപിച്ചു.
നിലവിലെ സറേ മേയർ ബ്രെൻഡ ലോക്കിക്ക് അനുകൂലമായ വാർത്തകളും സർക്കാരിൻ്റെ ഭരണനേട്ടങ്ങളും വോട്ടർമാർക്കിടയിൽ പ്രചരിപ്പിച്ച് വഴിതിരിച്ചുവിടാനാണ് ഇത്തരം ഏജൻസികൾ ശ്രമിക്കുന്നതെന്നും മക്കല്ലം കുറ്റപ്പെടുത്തി.
ദേശീയ സുരക്ഷയെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെയും ബാധിക്കുന്ന വിഷയമായതിനാൽ, കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവീസ് , റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് , ഇലക്ഷൻസ് ബിസി എന്നിവർ ചേർന്ന് സമഗ്രമായ ഫെഡറൽ അന്വേഷണം നടത്തണമെന്ന് മക്കല്ല ആവശ്യപ്പെട്ടു. ആരോപണവിധേയമായ അക്കൗണ്ടുകൾ ഉടൻ നീക്കം ചെയ്യാനും ആവശ്യമുയർന്നിട്ടുണ്ട്.
അതേസമയം, വിഷയത്തെക്കുറിച്ച് തനിക്ക് യാതൊരുവിധ അറിവുമില്ലെന്ന് നിലവിലെ മേയർ ബ്രെൻഡ ലോക്ക് പ്രതികരിച്ചു. പ്രാദേശിക തെരഞ്ഞെടുപ്പ് പ്രീ-ക്യാമ്പയിൻ നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്നും പരസ്യങ്ങളുടെ മുൻകാല സാമ്പത്തിക ഉറവിടങ്ങൾ ഏതാണെന്നും ഇലക്ഷൻസ് ബിസി പരിശോധിച്ചുവരികയാണ്.