ആൽബർട്ടയുടെ തലസ്ഥാനമായ എഡ്മണ്ടനിൽ സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കനത്ത മഴ പെയ്യുന്നു. ECCC പുറത്തുവിട്ട കണക്കുകൾ പ്രകാരം, സാധാരണ ലഭിക്കേണ്ട മഴയുടെ ഇരട്ടിയിലധികമാണ് ഇതിനകം നഗരത്തിൽ പെയ്തിറങ്ങിയത്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ സാധാരണയായി 213 മുതൽ 214 മില്ലീമീറ്റർ വരെ മഴ ലഭിച്ചിരുന്ന സ്ഥാനത്ത്, ഇത്തവണ പ്രധാന കേന്ദ്രങ്ങളിലെല്ലാം 250 മുതൽ 350 മില്ലീമീറ്റർ വരെ മഴ രേഖപ്പെടുത്തി. നഗരത്തിലെ ബ്ലാച്ച്ഫോർഡിൽ ഇത് 500 മില്ലീമീറ്ററും കടന്നു.
ഇതോടെ 1953-ൽ രേഖപ്പെടുത്തിയ 417 മില്ലീമീറ്റർ മഴയെന്ന 73 വർഷം പഴക്കമുള്ള റെക്കോർഡാണ് എഡ്മണ്ടൻ മറികടന്നത്. ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റുകളാണ് ചില പ്രദേശങ്ങളിൽ കനത്ത നാശനഷ്ടം വിതച്ചത്. വൻതോതിലുള്ള വെള്ളക്കെട്ട് ഉണ്ടാവുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കോമൺവെൽത്ത് സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന പ്രശസ്ത ഗായകൻ പോസ്റ്റ് മാലോണിൻ്റെ സംഗീതപരിപാടി അവസാന നിമിഷം റദ്ദാക്കുകയും കാണികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
മണ്ണിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നുള്ള ഈർപ്പം അന്തരീക്ഷത്തിലേക്ക് ഉയർന്ന് വീണ്ടും മേഘരൂപീകരണത്തിനും കൂടുതൽ മഴയ്ക്കും കാരണമാകുന്ന ഒരു അവസ്ഥയാണ് നഗരത്തിൽ നിലവിലുള്ളത്. സാധാരണയായി ഓഗസ്റ്റ് മാസത്തോടെ കാലാവസ്ഥ വരണ്ട നിലയിലേക്ക് മാറാറുണ്ടെങ്കിലും, നിലവിൽ കെട്ടിക്കിടക്കുന്ന വെള്ളം പൂർണ്ണമായി വറ്റിയാൽ മാത്രമേ അതിന് സാധിക്കൂ എന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു. വരും ദിവസങ്ങളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.