ഡൗൺടൗൺ വാൻകൂവറിൻ്റെ വികസന ഭൂപടത്തിൽ നിർണായക നാഴികക്കല്ലാകുന്ന വൻകിട നഗരവികസന പദ്ധതിക്ക് വാൻകൂവർ സിറ്റി കൗൺസിൽ അംഗീകാരം നൽകി. ഹോൾബോൺ ഗ്രൂപ്പ് സമർപ്പിച്ച വെസ്റ്റ് ജോർജിയ സ്ട്രീറ്റ് റീസോണിങ് അപേക്ഷയ്ക്ക് മൂന്നിനെതിരെ ഏഴ് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൗൺസിലിൻ്റെ അനുമതി ലഭിച്ചത്. വെസ്റ്റേൺ കാനഡയിലെ ഏറ്റവും ഉയർന്ന കെട്ടിടം ഉൾപ്പെടുന്ന ഈ പദ്ധതി, വാൻകൂവറിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിലും നിർമ്മിതികളിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏകദേശം 315 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന 920 മുറികളുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോട്ടൽ ടവറാണ് ഈ മെഗാ പ്രൊജക്റ്റിൻ്റെ പ്രധാന ആകർഷണം. ഇതിനു പുറമെ 79-ഉം 68-ഉം നിലകൾ വീതമുള്ള രണ്ട് ആഡംബര പാർപ്പിട സമുച്ചയങ്ങളും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. 'ഗ്ലാസ് സീ സ്പോഞ്ച്' എന്ന അപൂർവ്വ കടൽജീവിയുടെ ജൈവഘടനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഹെൻറിക്വസ് പാർട്ട്ണേഴ്സ് ആർക്കിടെക്റ്റ്സ് ആണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ടായിരത്തോളം പുതിയ റെസിഡൻഷ്യൽ യൂണിറ്റുകൾ, Rooftop Observation Deck, കൂടാതെ ആബട്ട് സ്ട്രീറ്റിൽ 378 സോഷ്യൽ ഹൗസിങ് യൂണിറ്റുകൾ എന്നിവയും ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമാകും.
അതേസമയം, പ്രൊജക്റ്റിൻ്റെ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് കൗൺസിലിനുള്ളിലും പ്രാദേശിക യൂണിയനുകൾക്കിടയിലും ഭിന്നത രൂക്ഷമാണ്. ഇത്തരം വൻകിട വികസനങ്ങൾ സാധാരണക്കാരായ തൊഴിലാളികൾക്ക് താങ്ങാനാവുന്ന ഭവനസൗകര്യങ്ങൾ ഉറപ്പാക്കുന്നില്ലെന്നും നഗര പ്രാന്തപ്രദേശങ്ങളിലേക്ക് അവരെ തള്ളിയിടുമെന്നും യൂണിയൻ പ്രതിനിധികൾ വാദിക്കുന്നു. കൂടാതെ, നഗരത്തിലെ കൂറ്റൻ കെട്ടിടങ്ങൾ സംബന്ധിച്ച പുതിയ നയരൂപീകരണം പൂർത്തിയാകും മുൻപുള്ള ഭരണാനുമതി തിടുക്കപ്പെട്ടതാണെന്ന് എതിർത്തു വോട്ട് ചെയ്ത കൗൺസിലർമാർ ചൂണ്ടിക്കാട്ടി. പ്രൊജക്റ്റിൻ്റെ പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ നാല് മുതൽ അഞ്ച് വർഷം വരെ സമയമെടുക്കുമെന്നാണ് റിപ്പോർട്ട്