പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റുകൾ നിഷേധിച്ചതിനെ തുടർന്ന് എഡ്മൻ്റണിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ വൻ പ്രതിഷേധം സംഘടിപ്പിച്ചു. വ്യക്തമായ വിവരങ്ങൾ നൽകാതെ അധികൃതരും കോളേജുകളും തങ്ങളെ വഞ്ചിച്ചുവെന്നും ഇത് കാനഡയിലെ ഭാവി അനിശ്ചിതത്വത്തിലാക്കിയെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. ശക്തമായ മഴയെപ്പോലും അവഗണിച്ച് തങ്ങൾക്ക് നീതിയും തുല്യ പരിഗണനയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. പോർട്ടേജ്, കാംബെൽ കോളേജുകൾ വഴി കോഴ്‌സുകൾ പൂർത്തിയാക്കിയ നൂറുകണക്കിന് വിദ്യാർത്ഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
നോൺ-ക്രെഡിറ്റ് കോഴ്‌സുകൾ പൂർത്തിയാക്കുന്നവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റിന് അർഹതയില്ലെന്ന നിയമമാണ് തിരിച്ചടിയായത്. എന്നാൽ അപേക്ഷിക്കുന്ന സമയത്തോ സർക്കാരിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ ഈ നിയന്ത്രണത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. നിയമങ്ങളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും, വ്യക്തത വരുത്താനായി ജൂൺ മാസത്തിൽ വെബ്‌സൈറ്റിൽ വിവരങ്ങൾ പുതുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇമിഗ്രേഷൻ വകുപ്പ് (IRCC) അറിയിച്ചത്. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡിഗ്രി, ഡിപ്ലോമ സർട്ടിഫിക്കറ്റുകൾക്ക് മാത്രമേ വർക്ക് പെർമിറ്റ് ലഭിക്കൂ എന്നും അവർ വ്യക്തമാക്കി.
പുതിയ ഫെഡറൽ നിയമങ്ങളെ തുടർന്ന് പോർട്ടേജ് കോളേജുമായുള്ള പങ്കാളിത്തം ഏപ്രിലിൽ അവസാനിച്ചതായി കാംബെൽ കോളേജ് അറിയിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് പോർട്ടേജ് കോളേജും വ്യക്തമാക്കി. വൻതുകയും സമയവും ചെലവഴിച്ച് പഠനം പൂർത്തിയാക്കിയ തങ്ങൾക്ക് അർഹമായ നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. വിഷയം കാനഡ നിയമസഭയ്ക്ക് മുന്നിലെത്തിക്കാനും പ്രാദേശിക ജനപ്രതിനിധികളുടെയും വക്കീൽമാരുടെയും സഹായം തേടാനും ഇവർ തീരുമാനിച്ചിട്ടുണ്ട്.
കാനഡയുടെ ഇമിഗ്രേഷൻ നയങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഗ്ദാനങ്ങളിലെയും സുതാര്യതയില്ലായ്മയെ ചോദ്യം ചെയ്യുന്നതാണ് വിദ്യാർത്ഥികളുടെ ഈ പ്രതിഷേധം. ഈ വിഷയം കാനഡയിലെ മറ്റു പല വിദേശ വിദ്യാർത്ഥികൾക്കിടയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.